‘യെഡിയൂരപ്പ വഞ്ചിച്ചു’; മകനെ സ്വതന്ത്രനാക്കാന്‍ ഈശ്വരപ്പയുടെ നീക്കം; കര്‍ണാടക ബിജെപിയില്‍ തര്‍ക്കം രൂക്ഷം

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹാവേരി മണ്ഡലത്തില്‍ മകന് സീറ്റ് നിഷേധിച്ചതില്‍ മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി കെഎസ് ഈശ്വരപ്പ. തന്റെ മകന് ഈ സീറ്റ് യെഡിയൂരപ്പ വാഗ്ദാനം ചെയ്തിരുന്നതായി ഈശ്വരപ്പ പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കാണ് സീറ്റ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഷേധ സൂചകമായി യെഡിയൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്രയ്‌ക്കെതിരെ ശിവമോഗ സീറ്റില്‍ മത്സരിക്കാന്‍ മകന്‍ കന്തേഷിനോട് അനുയായികള്‍ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഹവേരി ലോക്സഭാ സീറ്റ് കന്തേഷിന് നല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ വാഗ്ദാനം ചെയ്തെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രചാരണവും ആരംഭിച്ചിരുന്നു. ഒടുവില്‍ ചതിക്കപ്പെട്ടെന്നും ഈശ്വരപ്പ പ്രതികരിച്ചു.

മാര്‍ച്ച് 15ന് ശിവമോഗയില്‍ തന്നെ പിന്തുണക്കുന്നവരുടെ യോഗം വിളിക്കുമെന്നും മകന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘കര്‍ണ്ണാടകയിലെ പാര്‍ട്ടി ഘടകം ഒരു കുടുംബത്തിന്റെ കൈയിലാണ്. പാര്‍ട്ടിയില്‍ മറ്റ് ലിംഗായത്ത് നേതാക്കള്‍ ഇല്ലേ? ശോഭ കരന്ദ്ലജെയ്ക്കും ബസവരാജ് ബൊമ്മൈയ്ക്കും യെഡിയൂരപ്പ ടിക്കറ്റ് ഉറപ്പാക്കി. പിന്നെ എന്തുകൊണ്ട് തന്റെ മകന്‍ കാന്തേഷിനെ അവഗണിച്ചു. ഇത് കടുത്ത അനീതിയാണ്,’ മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.

‘ഞാന്‍ 40 വര്‍ഷമായി പാര്‍ട്ടിയെ വിശ്വസ്തതയോടെ സേവിച്ചു. സി ടി രവി, സദാനന്ദ ഗൗഡ, നളിന്‍ കുമാര്‍ കട്ടീല്‍, പ്രതാപ് സിംഹ എന്നിവരും എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്’- ഈശ്വരപ്പ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!