ഇടുക്കി : ശമ്പളം മുടങ്ങിയതിന് തലകുത്തി നിന്ന് പ്രതിഷേധം നടത്തി കെഎസ്ആർടിസി ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വേറിട്ട രീതിയിൽ പ്രതിഷേധം നടത്തിയത്. അരമണിക്കൂർ നേരമാണ് ജയകുമാർ പ്രതിഷേധിച്ചത്.
കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാതായതോടെയാണ് ആയോധന കലയിൽ പ്രാവീണ്യനായ ജയകുമാർ വ്യത്യസ്തമായ സമരരീതി തിരഞ്ഞെ ടുത്തത്. സഹപ്രവർത്തകരും ജയകുമാറിന് പിന്തുണ നൽകിയിരുന്നു.
മൂന്നാർ – ഉദുമൽപേട്ട റൂട്ടിലെ ഡ്രൈവറായ ജയകുമാർ ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡന്റാണ്. ശമ്പളം ഇനിയും കിട്ടിയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.
