റിയാദ്: ഹിജ്‌റ കലണ്ടര്‍ പ്രകാരം നാളെ ശഅബാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശിക്കണമെന്ന് സൗദി അറേബ്യയും യുഎഇയും രാജ്യത്ത് താമസിക്കുന്ന മുസ്ലിംകളോട് അഭ്യര്‍ഥിച്ചു. നാളെ മാര്‍ച്ച് 10 ഞായറാഴ്ച വൈകുന്നേരം നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ വഴിയോ റംസാനിലെ ചന്ദ്രക്കല കാണുന്നവര്‍ അധികൃതരെ അറിയിക്കണം.
റമദാനിലെ ചന്ദ്രക്കല കാണുന്നവര്‍ അടുത്തുള്ള കോടതിയില്‍ റിപോര്‍ട്ട് ചെയ്യാനും അവരുടെ സാക്ഷ്യം രജിസ്റ്റര്‍ ചെയ്യാനും സൗദി അറേബ്യയിലെ സുപ്രീം കോടതി ആഹ്വാനം ചെയ്തു. ഞായറാഴ്ച വൈകുന്നേരം റമദാനിലെ ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് യുഎഇ ചാന്ദ്രദര്‍ശന സമിതി അധികൃതരും അഭ്യര്‍ഥിച്ചു. ചന്ദ്രക്കല കാണുന്നവര്‍ 02-6921166 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചാന്ദ്ര കലണ്ടര്‍ പ്രകാരം ഇസ്ലാമിക മാസം 29 അല്ലെങ്കില്‍ 30 ദിവസമാണ്. ചന്ദ്രന്റെ ദര്‍ശനത്തെ ആശ്രയിച്ച് മാര്‍ച്ച് 10 ഞായറാഴ്ച ശഅബാന്റെ അവസാന ദിവസമാണെങ്കില്‍ മാര്‍ച്ച് 11 തിങ്കളാഴ്ചയാണ് നോമ്പ് തുടങ്ങുക. ശഅബാന്‍ 30 ദിവസം തികയുകയാണെങ്കില്‍ റമദാന്‍ ഒന്ന് മാര്‍ച്ച് 12 ചൊവ്വാഴ്ച ആയിരിക്കും.
ഈ വര്‍ഷത്തെ റമദാന്‍ മാസപ്പിറവി നാളെ കാണാന്‍ സാധ്യതയില്ലെന്ന് ഗോളശാസ്ത്രജ്ഞര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ശഅബാന്‍ 30 തിങ്കളാഴ്ച പൂര്‍ത്തിയായി ചൊവ്വാഴ്ച (മാര്‍ച്ച് 12) ആയിരിക്കും വ്രതാരംഭമെന്നും പ്രവചിക്കുന്നു. ഞായറാഴ്ച സൂര്യാസ്തമയത്തിന് ശേഷം കുറഞ്ഞ സമയം മാത്രമാണ് ചന്ദ്രന്‍ ആകാശത്ത് ഉണ്ടാവുയെന്നതിനാല്‍ അറബ് രാജ്യങ്ങളില്‍ എവിടെയും നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ വഴിയോ കാണാന്‍ സാധിക്കില്ലെന്നും വിശദീകരിച്ചിരുന്നു.