വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ആറുമാസത്തിനകം, 160 കിമീ വേഗതയില്‍ കുതിക്കും; ഒട്ടേറെ ആധുനീക സൗകര്യങ്ങള്‍


ബെംഗളൂരു: വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ആറുമാസത്തിനകം ട്രാക്കിലിറങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദഭാരത് എക്സ്പ്രസ് സ്ലീപ്പര്‍ പ്രോട്ടോടൈപ്പിന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വന്ദേ ഭാരത് സ്ലീപ്പർ ട്രാൻസിറ്റിൻ്റെ കാർബോഡി ഘടന റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. ബിഇഎംഎല്‍ ഇന്ത്യ ലിമിറ്റഡാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കുന്നത്. വയര്‍ലൈസ് നിയന്ത്രണ സംവിധാനമടക്കമുള്ളവയുണ്ടാകും.

രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ച കുഷ്യനുകള്‍ വന്ദേ സ്ലീപ്പര്‍ ട്രെയിനിനുണ്ടാകും. കൂടുതല്‍ സുഖപ്രദമായ ബര്‍ത്തുകള്‍, സാധാരണ സ്ഥലങ്ങളില്‍ സെന്‍സര്‍ അധിഷ്ഠിത ലൈറ്റിങ്, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ബെര്‍ത്തുകള്‍, ടോയ്ലെറ്റുകള്‍, ഓട്ടോമാറ്റിക് എക്സ്റ്റീരിയര്‍ പാസഞ്ചര്‍ വാതിലുകള്‍ തുടങ്ങി ആധുനീക യാത്രാ സൗകര്യങ്ങളാണ് വന്ദേ സ്ലീപ്പര്‍ ട്രെയിനില്‍ ഒരുക്കിയിട്ടുള്ളത്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തോടെ ആരംഭിച്ചിരുന്നു. ട്രെയിനിന് ആകെ 823 യാത്രക്കാർക്കുള്ള ബെർത്ത് ശേഷിയുണ്ടാകും. പ്രായമായ യാത്രക്കാർക്ക് പോലും മുകളിലെ ബർത്തുകളിൽ എളുപ്പത്തിൽ കയറാൻ സാധിക്കുന്ന തരത്തിലാണ് ഗോവണികൾ സജ്ജമാക്കിയിരിക്കുന്നത്.

ട്രെയിനിനുള്ളിൽ ക്രീം, മഞ്ഞ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. കോമൺ ഏരിയയിൽ സെൻസർ അടിസ്ഥാനമാക്കിയുള്ള ലൈറ്റിങ് സൗകര്യമാണ് തയാറാക്കിയിരിക്കുന്നത്. ആൻ്റി – സ്പിൽ ഫീച്ചറുകളുള്ള വാഷ് ബേസിനാണ് മറ്റൊരു പ്രത്യകതയായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. കോച്ചുകളുടെ ഇടനാഴിയിൽ രാത്രിയിൽ സഞ്ചരിക്കാൻ ലൈറ്റുകളുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!