യുഎഇയില്‍ ഞായറാഴ്ച ക്ഷേത്രം സന്ദര്‍ശിച്ചത് 65,000 പേര്‍; ബസ് സര്‍വീസ് തുടങ്ങി

അബുദാബി: യുഎഇയില്‍ കഴിഞ്ഞ മാസം തുറന്ന ശിലാക്ഷേത്രമായ അബുദാബി ബാപ്‌സ് ഹിന്ദു മന്ദിര്‍ കാണാന്‍ വിശ്വാസികളുടെയും പൊതുജനങ്ങളുടെയും ഒഴുക്ക്. യുഎഇയിലുള്ളവര്‍ക്ക് ഈ മാസം ഒന്നു മുതലാണ് ക്ഷേത്രസന്ദര്‍ശനം അനുവദിച്ചുതുടങ്ങിയത്.

കഴിഞ്ഞ ഞായറാഴ്ച 65,000 ത്തിലധികം പേരാണ് ക്ഷേത്രത്തിലെത്തിയത്. പൊതുജനങ്ങള്‍ക്കായി തുറന്ന ശേഷമുള്ള ആദ്യ ഞായറാഴ്ചയായിരുന്നു ഇത്. രാവിലെ ക്ഷേത്രം തുറക്കുന്ന സമയത്ത് 40,000-ത്തിലധികം സന്ദര്‍ശകരും വൈകുന്നേരം 25,000ത്തിലധികം പേരും എത്തിയതായി ക്ഷേത്ര ഭരണസമിതി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

2,000 ബാച്ചുകളായാണ് ഇത്രയും പേരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. വന്‍ തിരക്കുണ്ടായിട്ടും ഭക്തര്‍ ഉന്തും തള്ളുമില്ലാതെ ക്ഷമയോടെ ക്യൂവില്‍ നിന്നു. സന്ദര്‍ശകര്‍ പുതിയ ക്ഷേത്രം തുറന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ക്ഷേത്ര നടത്തിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ബാപ്‌സ് വോളന്റിയര്‍മാര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ഇത്രയധികം തിരക്കുണ്ടായിട്ടും എല്ലാവര്‍ക്കും കൃത്യമായ സമയ ഷെഡ്യൂള്‍ നല്‍കി പ്രവേശന നടപടികള്‍ വ്യവസ്ഥാപിതമായി നിയന്ത്രിക്കാന്‍ ജീവനക്കാര്‍ക്കും ബാപ്‌സ് വോളന്റിയര്‍മാര്‍ക്കും സാധിച്ചു.

അബുദാബി-ദുബായ് പാതയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബസ്സുകളിലും കാറുകളിലുമായാണ് ജനം ഇവിടെ എത്തിയത്. വാരാന്ത്യ സന്ദര്‍ശകര്‍ക്കു വേണ്ടി അബുദാബിയില്‍ നിന്ന് ക്ഷേത്ര പരിസരത്തേക്ക് യുഎഇ സര്‍ക്കാര്‍ പുതിയ ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ബസ് റൂട്ട് നമ്പര്‍ 203 ആണ് പുതുതായി തുടങ്ങിയത്.മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി എന്ന മൊബൈല്‍ ആപ് വഴിയോ സന്ദര്‍ശന സമയം ബുക്ക് ചെയ്യാം. ഫെബ്രുവരി അവസാനം വരെ വിദേശ സന്ദര്‍ശകര്‍ക്ക് വേണ്ടി പ്രവേശനം നിയന്ത്രിച്ചിരുന്നു. എല്ലാ മതങ്ങളിലും പെട്ടവര്‍ക്ക് പ്രവേശന അനുമതിയുണ്ട്.

അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് മന്ദിര്‍ ഫെബ്രുവരി 14ന് പ്രധാനമന്ത്രി മോദിയാണ് ഉദ്ഘാടനം ചെയ്തത്. യുഎഇയുടെ സഹിഷ്ണുത-സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്‌യാന്‍ മുബാറക് അല്‍ നഹ്‌യാനും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതനായിരുന്നു. മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രമാണിത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ശാശ്വത സൗഹൃദത്തിന്റെയും സാംസ്‌കാരികമായ ഇഴുകിച്ചേരലിന്റെയും സര്‍വമത സൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായി ക്ഷേത്രം നിലകൊള്ളുന്നു. യുഎഇ സര്‍ക്കാര്‍ നല്‍കിയ 27 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്രം പണിതത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!