സൂക്ഷിക്കുക, ഈ നാല് ജില്ലകളിൽ ഡെങ്കിപ്പനി വർധിക്കുന്നു; ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം

 തിരുവനന്തപുരം: വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചപ്പനികൾ, ഇൻഫ്ലുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു.

എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി കാണുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി. മഴയുണ്ടായാൽ ഡെങ്കിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു.

കുട്ടികളിൽ പൊതുവേ പനിയും ചുമയും തുടങ്ങി ഇൻഫ്ളുവൻസയും കാണുന്നുണ്ട്. രോഗം ബാധിച്ചാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാവൂ. ചൂടുകൂടിയ സാഹചര്യമായതിനാൽ ഭക്ഷണം വേഗം കേടാകാൻ സാധ്യതയുണ്ട്. ഇതും ശ്രദ്ധിക്കണം. ഉത്സവങ്ങളോടനുബന്ധിച്ച് ഭക്ഷണം വിതരണം നടത്തുന്നവരും ശീതള പാനീയങ്ങൾ, ഐസ്‌ക്രീം തുടങ്ങിയവ വിതരണം നടത്തുന്നവരും ശ്രദ്ധിക്കണം. വാട്ടർ തീം പാർക്കുകളിൽ പകർച്ചവ്യാധികളുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ചൂട് കാലമായതിനാൽ നിർജലീകരണം പെട്ടന്നുണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കണം. ദാഹം തോന്നിയില്ലെങ്കിലും വെള്ളം ഇടയ്ക്കിടയ്ക്ക് കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വെള്ളവും ഭക്ഷണവും മൂടിവയ്ക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്.

വേനൽക്കാല രോഗങ്ങളുടെ പ്രതിരോധത്തിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ ശക്തമാക്കി കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ജ്യൂസ് കടകളിൽ ഉപയോഗിക്കുന്ന ഐസ് പ്രത്യേകം പരിശോധിക്കും. ഹെപ്പറ്റൈറ്റിസ് എ കേസുകളുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ ഇടപെടൽ നടത്തി വരുന്നു. കൃത്യമായ നിരീക്ഷണം നടത്താൻ നിർദേശം നൽകി. മലപ്പുറം പോത്തുകല്ലിലെ ഹെപ്പറ്റൈറ്റിസ് എ കേസുകൾ പ്രത്യേകം ചർച്ച ചെയ്തു. വേനൽക്കാല രോഗങ്ങളുടെ പൊതു സ്ഥിതി വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!