തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരിൽ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പെൻഷൻ മുടങ്ങിയത് വോട്ടിനെ ബാധിക്കില്ല. സമസ്തയുൾപ്പെടെയുള്ള ന്യുനപക്ഷ വിഭാഗം വസ്തുത മനസിലാക്കി പ്രതികരിക്കുന്നു. പൊന്നാനി സ്ഥാനാർഥിക്ക് പാർട്ടി ചിഹ്നം നൽകിയത് രാഷ്ട്രീയ സന്ദേശം നൽകാനാണെന്നും അദ്ദേഹം പറഞ്ഞു.
വീണ വിജയൻ വിവാദം തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നും വെറും ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികൾ തമ്മിൽ ഉള്ളത് കമ്പനികൾ തമ്മിൽ പരിഹരിക്കുക. ഇത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ ആക്രമണമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ ഗാന്ധി ഇന്ത്യ മുന്നണി രാഷ്ട്രീയം ഉയർത്തി പിടിച്ചു കേരളത്തിൽ മത്സരിക്കാതെ ബിജെപി കേന്ദ്രത്തിലേക്ക് പോകണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.