തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാനിൽ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്ന യാത്രികരുടെ പേരുകൾ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാലംഗ സംഘമാണ് ബഹിരാകാശത്തേക്ക് കുതിക്കുക. ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. നാല് പേർക്കും ആസ്ട്രോണൻ്റ് ബാഡ്ജ് പ്രധാനമന്ത്രി സമ്മാനിച്ചു.
തിരഞ്ഞെടുക്കപ്പെട്ട നാല് പേരും വ്യോമസേന പൈലറ്റുമാരാണ്. കേന്ദ്രമന്ത്രി വി. മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ഇസ്രോ മേധാവി എസ്. സോമനാഥ്, മറ്റ് ശാസ്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തിയ പ്രധാനമന്ത്രി ഗഗൻയാൻ ദൗത്യത്തിന്റെ അവലോകനവും നടത്തി. ഗഗൻയാൻ ഇന്റഗ്രേഷൻ ഫെസിലിറ്റി സെന്ററിലാണ് പരിപാടി പുരോഗമിക്കുന്നത്. വിഎസ്എസ്‌സിയിൽ ട്രൈസോണിക് വിൻഡ് ടണൽ, സെമി ക്രയോജനിക് ഇൻ്റഗ്രേറ്റഡ് എഞ്ചിൻ, സ്റ്റേജ് ടെസ്റ്റ് ഫെസിലിറ്റി എന്നിവ ഉൾപ്പടെ 1800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
കഴിഞ്ഞ 39 ആഴ്ചകളായി കഠിനമായ പരിശീലനത്തിലാണ് നാലംഗ സംഘം. 2019 അവസാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. ആദ്യം 25 പേരെ തിരഞ്ഞെടുത്തു. പിന്നീട് 12 ആയി പട്ടിക ചുരുങ്ങുകയും ഏറ്റവുമൊടുവിലായി പട്ടിക നാല് പേരിലേക്ക് ചുരുങ്ങുകയായിരുന്നു. ഇവർ നാല് പേരെയും റഷ്യയിൽ അയച്ചാണ് പരിശീലനം നൽകിയത്. തിരിച്ച് വന്നതിന് ശേഷം അഡ്വാൻസ്ഡ് പരിശീലനം ഇന്ത്യയിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ പ്രധാനമന്ത്രി പുറത്തുവിട്ടത്.
2025-ന്റെ രണ്ടാം പകുതിയിലാകും ഗഗൻയാൻ ദൗത്യമെന്നാണ് വിവരം. വ്യോമമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്ത് എത്തിച്ചതിന് ശേഷമാകും മനുഷ്യരെ അയക്കുക. റോബോട്ടിനെ അയച്ച ശേഷം രണ്ട് ആളില്ലാ ദൗത്യങ്ങൾ കൂടി നടത്തും. പിന്നാലെയാകും തിരഞ്ഞെടുക്കപ്പെട്ടവരെ ബഹിരാകാശത്ത് എത്തിക്കും.
ദുർഘടമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ശേഷിയുള്ളവരാണ് വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റുമാർ. അനരുടെ പരിശീലന രീതി മെച്ചപ്പെട്ട തലത്തിലാണ്. ഫൈറ്റർ പൈലറ്റുമാരും ജെറ്റ് വിമാനം പറത്തുന്നവരും ഒരുപരിധി വരെ സാചര്യങ്ങളെ അഭിമുഖീകരിക്കാന സജ്ജരാണ്. ബഹിരാകാശത്ത് എത്തുമ്പോൾ മനുഷ്യ ശരീരം സാധാരണഗതിയിലാവില്ല പ്രതികരിക്കുക. ഇത്തരം പ്രതിസന്ധികളോട് പൊരുത്തപ്പെടാൻ എളുപ്പത്തിൽ ടെസ്റ്റ് പൈലറ്റുമാർക്ക് സാധിക്കും എന്നുള്ളതിനാലാണ് ഇവരെ തിരഞ്ഞെടുക്കുന്നത്.
ദൗത്യത്തിൽ വി.എസ്.എസ്.എസി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യാത്രികർക്കായുള്ള ജീവൻ രക്ഷ മെഡ്യൂൾ അടക്കമുള്ളവ നിർമ്മിക്കുന്നത് ഇവിടെയാണ്. റോക്കറ്റ് വികസനവും ഗവേഷണവും ഇവിടെ തന്നെയാണ് നടക്കുന്നത്.