തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻറെ (ഇ ഡി) വൻ നീക്കങ്ങൾ.
പിണറായിയുടെ ചോദ്യം ചെയ്യലിന് ഉന്നത ഉദ്യോഗസ്ഥരെത്താനാണ് നീക്കം. ഇ ഡിയുടെ സ്പെഷ്യൽ ഡയറക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ദൽഹിയിൽ നിന്ന് കൊച്ചിയിൽ എത്തിയാകും ചോദ്യം ചെയ്യലെന്നാണ് പുറത്തു വരുന്ന വിവരം. അതിവേഗത്തിൽ അതീവ ശ്രദ്ധയോടെയാണ് ഇ ഡി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
ഇതിൻ്റെ ഭാഗമായാണ് പിണറായിയുടെ വീട്ടിൽ സമൻസ് പതിപ്പിച്ചത്. തപാലിൽ സമൻസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് നേരിട്ട് വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്.
നോട്ടീസ് കൈപ്പറ്റിയില്ലെന്നും കിട്ടിയിട്ടില്ലെന്നും പറഞ്ഞ് ഒഴിയാതിരിക്കാനാണ് വീട്ടിൽ സമൻസ് പതിപ്പിച്ചത്. മ്യൂസിയം പൊലിസിനെ വിളിച്ചുവരുത്തിയാണ് ഇ ഡി ഉദ്യോഗസ്ഥർ നോട്ടീസ് ഒട്ടിച്ചത്. വീട്ടിലെ ചുമരിൽ സമൻസ് പതിപ്പിച്ചതിൽ അസ്വാഭാവികതയില്ലെന്നും ഇ ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
