ആലപ്പുഴ: പാറയുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കൂറ്റൻ പാറ റോഡിലേക്ക് വീണ് ഇരുചക്ര വാഹന യാത്രികന് പരിക്ക്. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മരങ്ങാട്ട് അനന്തു മുരളിക്കാണ് (28)പരിക്കേറ്റത്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ ചേർത്തല-തണ്ണീർമുക്കം റോഡിലായിരുന്നു അപകടം. കൈയ്ക്ക് സാരമായി പരിക്കേറ്റ അനന്തുവിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട ശബ്ദം കേട്ട് ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്നാണ് റോഡിൽ നിന്ന് പാറ നീക്കി അനന്തുവിന് പ്രാഥമിക ശുശ്രൂഷ നൽകിയത്. ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചു. തിരക്ക് കുറഞ്ഞ സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
