തിരഞ്ഞെടുപ്പ് തോൽവിക്ക് എസ്ഐആറിനെ പഴിചാരിയിട്ട് കാര്യമില്ല… അമിത് ഷാ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് തോൽവിക്ക് എസ്ഐആറിനെ പഴിചാരിയിട്ട് കാര്യമില്ലെന്നും ബിജെപിക്കുള്ള ജനപിന്തുണയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്ഐആർ നടപടികൾ ആരംഭിക്കുന്നതിന് മുൻപും കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടു ണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ഗാന്ധിനഗറിലും മറ്റ് സ്ഥലങ്ങളിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ പരാജയത്തിന് എസ്ഐആർ കാരണമായിരുന്നോയെന്ന് അമിത് ഷാ ചോദിച്ചു.

നിലവിലെ എസ്ഐആർ നടപടികൾ 2024ന് ശേഷമാണ് ആരംഭിച്ചതെങ്കിലും രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അമിത് ഷായുടെ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപി വൻ വിജയം നേടിയിരുന്നു. ആകെയുള്ള 44 സീറ്റുകളിൽ 38 എണ്ണവും ബിജെപി സ്വന്തമാക്കി. താര, ഓഖ മുനിസിപ്പാലിറ്റികളിലെ ഭരണവും പാർട്ടി നിലനിർത്തി. പശ്ചിമ ബംഗാൾ, ത്രിപുര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദശാബ്ദങ്ങളായി തിരഞ്ഞെടുപ്പ് വിജയം നേടാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

ത്രിപുരയിൽ കഴിഞ്ഞ 33 വർഷമായി കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്നും ബംഗാളിൽ 54 വർഷമായി പാർട്ടിക്ക് വിജയം നേടാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരാജയങ്ങൾക്കെല്ലാം എസ്ഐആറാണോ കാരണമെന്നും രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

രാജ്യത്ത് ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കാനുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം സംയുക്ത വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് അമിത് ഷായുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!