കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം… 9 വർഷത്തിനുശേഷം കാര്യസ്ഥൻ…

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ അറസ്റ്റിൽ. 2017ൽ മരിച്ച ജയമാധവൻ നായരുടെ കൊലപാതകത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് രവീന്ദ്രനെ അറസ്റ്റ് ചെയ്തത്. സ്വത്ത് തട്ടിയെടുക്കാൻ ജയമാധവൻ നായരെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

തറവാട്ടിൽ 1991 മുതൽ 2017 വരെയുള്ള കാലയളവിൽ ഏഴുപേരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.ഗോപിനാഥൻ പിള്ള, ഭാര്യ സുമുഖി അമ്മ, മക്കളായ ജയപാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ പിള്ളയുടെ സഹോദരന്റെ മക്കളായ ഉണ്ണികൃഷ്ണൻ നായർ, ജയമാധവൻ നായർ എന്നിവരാണ് മരിച്ചത്. ഈ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ നേരത്തേ പരാതി ഉന്നയിച്ചിരുന്നു.

ഏറ്റവും ഒടുവിൽ 2017 ഏപ്രിൽ രണ്ടിനാണ് ജയമാധവൻ നായർ മരിച്ചത്. കട്ടിലിൽ നിന്ന് വീണുണ്ടായ പരുക്കാണ് മരണ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. കാര്യസ്ഥനായിരുന്ന രവീന്ദ്രനും പൊലീസിന് ഇതേ മൊഴിയാണ് നൽകിയത്. കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന സംശയം ബലപ്പെട്ടത്. ഒൻപത് വർഷത്തിനുശേഷമാണ് കേസിൽ രവീന്ദ്രന്റെ അറസ്റ്റ്.

ജയമാധവൻ നായർ മരിച്ചുകിടന്ന മുറിയിൽ നിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട തടിക്കഷണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതാണ് അന്വേഷണത്തിൽ നിർണായകമായത്. വീട്ടുജോലിക്കാരിയുടെയും ജയമാധവൻ നായരെ ആശുപത്രിയി ലെത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെയും മൊഴികളും കേസിൽ വഴിത്തിരിവായി.

വ്യാജ വിൽപ്പത്രം തയ്യാറാക്കി കോടികൾ വിലമതിക്കുന്ന തറവാട്ടുസ്വത്ത് കാര്യസ്ഥനായ രവീന്ദ്രനും ചില ബന്ധുക്കളും ചേർന്ന് കൈക്കലാക്കി യതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. കേസിന്റെ തുടക്കം മുതൽ ദുരൂഹത നിലനിന്നിരുന്നു. തറവാട്ടിൽ നടന്ന ഏഴ് മരണങ്ങളിലും ദുരൂഹതയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ പരാതി.

എന്നാൽ, ഏറ്റവും ഒടുവിൽ മരിച്ച ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ നിർണായക കണ്ടെത്തലുണ്ടാ യിരിക്കുന്നത്. അറസ്റ്റിലായ രവീന്ദ്രനെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!