ന്യൂഡൽഹി: ഗർഭിണിയായ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളിയിട്ട് നിലത്തുവീഴ്ത്തിയെന്ന് പരാതി. സുപ്രീംകോടതി രജിസ്ട്രിയിൽ ഇന്നലെ നടന്ന സംഭവത്തിനിടെ രാഹുൽ ഗാന്ധി തന്നെ ദേഹത്ത് പിടിച്ച് വലിച്ച് താഴെയിട്ടെന്നാണ് മാധ്യമപ്രവർത്തക റിച്ചാ പരാശറിന്റെ ആരോപണം.
എന്നാൽ, ബിജെപിയുമായി ചേർന്ന് മാധ്യമ പ്രവർത്തക കെട്ടിച്ചമച്ച കഥയാണിതെന്ന് കോൺഗ്രസ് പ്രതികരിച്ചു. സുപ്രീംകോടതി രജിസ്ട്രിയിൽ രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും എത്തിയപ്പോഴുണ്ടായ ബഹളത്തിനിടെയാണ് റിച്ചാ പരാശർ നിലത്തുവീണത്. രാഹുൽ ഗാന്ധി തന്നെ തള്ളിയിട്ടെന്നാണ് മാധ്യമപ്രവർത്തകയുടെ ആരോപണം.
ദൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച റിച്ചാ പരാശറിന്റെ വീഡിയോ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പങ്കുവെച്ചു. ‘വൺ ഇന്ത്യ’ എന്ന ഓൺലൈൻ മാധ്യമത്തിനുവേണ്ടിയാണ് റിപ്പോർട്ടിംഗിന് എത്തിയതെന്നും റിച്ചാ പരാശർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മാധ്യമപ്രവർത്തകയോട് മാറിനിൽക്കാൻ പറയുക മാത്രമാണ് രാഹുൽ ഗാന്ധി ചെയ്തതെന്ന് കോൺഗ്രസ് നേതാവ് അൽകാ ലാംബ പറഞ്ഞു. നിലത്തുവീണ സംഭവത്തെ ബിജെപി എംഎൽഎയുമായി ചേർന്ന് കെട്ടിച്ചമച്ച കഥയാക്കി മാറ്റുകയാണെന്നും അവർ ആരോപിച്ചു.
അതിനിടെ, ഇന്നലത്തെ മാർച്ചിനിടെ ബാരഖംബ റോഡിലൂടെ നടക്കുമ്പോൾ രാഹുൽ ഗാന്ധി മുട്ടുകൊണ്ട് ചില പ്രവർത്തകരെ തട്ടിമാറ്റുന്നതായി കാണിക്കുന്ന വീഡിയോയും ബിജെപി അനുകൂല സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ രാഹുൽ ഗാന്ധി പിന്നിലേക്ക് തള്ളിമാറ്റിയെന്നും ബിജെപി ആരോപിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനെച്ചൊല്ലിയുള്ള വിവാദവും തുടരുകയാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നീക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് കോൺഗ്രസിന്റെ അന്തിമ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആരോപിച്ചു.
