വാഹനങ്ങളോടുള്ള കൗതുകം വെറുതെയായില്ല; പഴയ ബൈക്കിന്റെ എൻജിനിൽ നിന്ന് റേസിങ് കാറൊരുക്കി പ്ലസ്ടു വിദ്യാർഥി!

തിരുവനന്തപുരം : വാഹനങ്ങളോടുള്ള ഇഷ്ടം വെറുമൊരു കൗതുകത്തിൽ ഒതുക്കിയില്ല, ആ താൽപര്യത്തെ കൈകളിലൂടെ യാഥാർഥ്യമാക്കി വിസ്മയിപ്പിക്കുകയാണ് വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ആർ.ആർ. അർജുൻ. റേസിങ് വാഹനത്തിന്റെ രൂപത്തോട് സാമ്യമുള്ള നാലു ചക്രങ്ങളുള്ള ചെറുകാർ സ്വന്തമായി നിർമിച്ചാണ് അർജുൻ ശ്രദ്ധ നേടുന്നത്.

സ്കൂളിൽ സംഘടിപ്പിച്ച എക്സിബിഷനിൽ താൻ നിർമിച്ച വാഹനവുമായി എത്തിയ വിദ്യാർഥി അധ്യാപകർക്കും സഹപാഠികൾക്കും കൗതുകക്കാഴ്ചയായി. പൊലീസ് ട്രെയ്നിങ് ക്യാംപിലെ എസ്ഐ മുക്കോല പനവിളക്കോട് നന്ദനം വീട്ടിൽ കെ. റെജിയുടെയും പരേതയായ വി.ആർ. രാഖിയുടെയും മകനാണ് അർജുൻ.

പെട്രോളിൽ ഓടുന്ന ചെറുകാറിന്റെ രൂപകൽപന മുതൽ നിർമാണം വരെയുള്ള കാര്യങ്ങളെല്ലാം സ്വന്തം നിലയിലാണ് പൂർത്തിയാക്കിയതെന്ന് അർജുൻ പറയുന്നു. പഴയ ബൈക്കിന്റെ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

ആക്രിക്കടയിൽനിന്ന് സംഘടിപ്പിച്ച ഇരുമ്പ് പ്ലേറ്റുകളും മറ്റു സാമഗ്രികളും ഉപയോഗിച്ചാണ് കാറിന്റെ ബോഡി ഉൾപ്പെടെയുള്ള ഭാഗങ്ങൾ നിർമിച്ചത്. ഒരു വർഷത്തോളം നീണ്ട പരിശ്രമത്തിനൊ ടുവിലാണ് വാഹനം യാഥാർഥ്യമായത്. വീട്ടിലുണ്ടായിരുന്ന വെൽഡിങ് മെഷീൻ ഉപയോഗിച്ചായിരുന്നു വിവിധ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ചത്.

നിർമാണത്തിനായി 35,000 രൂപയിലേറെ ചെലവായതായും അർജുൻ പറഞ്ഞു. ഒറ്റ സീറ്റുള്ള വാഹനത്തിൽ നാല് ടയറുകളാണുള്ളത്. ക്ലച്ചും ഗിയറും കൈകൊണ്ട് നിയന്ത്രിക്കാനും ആക്സിലറേറ്ററും ബ്രേക്കും കാലുകൊണ്ട് പ്രവർത്തിപ്പിക്കാനും കഴിയുന്ന രീതിയിലാണ് രൂപകൽപന.

വാഹനങ്ങളോടുള്ള ഇഷ്ടം പുതിയൊരു പരീക്ഷണത്തിലേക്ക് നയിച്ചപ്പോൾ അതിനെ പാതിവഴിയിൽ ഉപേക്ഷിക്കാതെ പൂർത്തിയാക്കുകയായിരുന്നു അർജുൻ. ഈ ശ്രമത്തിന് പിതാവിന്റെയും മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ സഹോദരി ആർ.ആർ. ആദിത്യലക്ഷ്മിയുടെയും സ്കൂൾ അധ്യാപകരുടെയും പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്നും വിദ്യാർഥി പറഞ്ഞു.

വാഹനങ്ങളുടെ പ്രവർത്തനവും നിർമാണരീതികളും കൂടുതൽ പഠിക്കണമെന്നാണ് അർജുന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ ഭാവിയിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കാനാണ് താൽപര്യം. വാഹനങ്ങളോടുള്ള കൗതുകത്തെ സ്വന്തം കൈകളിലെ മികവാക്കി മാറ്റിയ അർജുന്റെ ഈ കൊച്ചുപരീക്ഷണം വലിയ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!