വാഷിങ്ടൺ: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇത്തവണയും ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അവസാനിപ്പിച്ച എട്ട് യുദ്ധങ്ങൾ പരിഗണിക്കുമ്പോൾ എട്ട് നൊബേൽ പുരസ്കാരങ്ങൾ ലഭിക്കേണ്ടതായിരുന്നു വെന്നാണ് ട്രംപിന്റെ അവകാശവാദം.
ഇന്ത്യ-പാക് സംഘർഷം ഒഴിവാക്കുന്നതിലൂടെ അഞ്ചുകോടി മനുഷ്യരുടെ ജീവൻ രക്ഷിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനെ ആണവായുധം വികസിപ്പിക്കുന്നതിൽ നിന്ന് തടയാൻ കഴിഞ്ഞെന്നും ഇറാൻ-യുക്രൈൻ യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, ഇത്തവണത്തെ സമാധാന നൊബേൽ നേടിയ ഇന്ത്യൻ വംശജയായ ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവി പിള്ളയ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. അവരെ ‘കേട്ടുകേൾവിപോലുമില്ലാത്ത വ്യക്തി’യെന്ന് വിശേഷിപ്പിച്ച ട്രംപ്, പുരസ്കാരത്തിന്റെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ടതായും ആരോപിച്ചു.
‘ജനാധിപത്യവിരുദ്ധരും നാഗരികതയുടെ ശത്രുക്കളുമായ തീവ്ര ആശയക്കാർ കാരണം സമാധാന നൊബേലിന്റെ വിശ്വാസ്യത എന്നെന്നേക്കുമായി നഷ്ടപ്പെട്ടു’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. പുരസ്കാരവുമായി ബന്ധപ്പെട്ട തീരുമാനത്തിൽ നോർവേയ്ക്ക് മായാത്ത കളങ്കമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും കടുത്ത എതിരാളിയാണ് നവി പിള്ളയെന്ന തരത്തിലുള്ള കുറിപ്പും ട്രംപ് പങ്കുവെച്ചിരുന്നു. അതേസമയം, നൊബേൽ പുരസ്കാരം ലഭിച്ച വിവരം ജർമനിയിലെ ന്യൂറംബർഗിൽ നിയമസമ്മേളനത്തിനിടെ അറിഞ്ഞ നവി പിള്ളയുടെ പ്രതികരണവും ശ്രദ്ധേയമായി. സഹപ്രവർത്തകർ എഴുന്നേറ്റുനിന്ന് കൈയടിച്ച് അഭിനന്ദിച്ചപ്പോൾ, ‘കുറച്ചുകൂടി കൈയടിച്ചാൽ ഈ പുരസ്കാരം ട്രംപുമായി പങ്കുവെച്ചേക്കാം’ എന്നായിരുന്നു അവരുടെ പരിഹാസം.
രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതുമുതൽ സമാധാന നൊബേൽ ലഭിക്കുമെന്ന പ്രതീക്ഷ ട്രംപ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ തവണ പുരസ്കാരം ലഭിക്കാതിരുന്നെ ങ്കിലും, നൊബേൽ നേടിയ വെനസ്വേലൻ പ്രതിപക്ഷ നേതാവ് കൊറീന മച്ചാഡോ പിന്നീട് തന്റെ പുരസ്കാരം ട്രംപിന് സമ്മാനിച്ചിരുന്നു.
