ചര്‍ച്ച് ബില്ലിനെ എന്തിന് എതിര്‍ക്കുന്നു? തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യാക്കോബായ സഭ

കൊച്ചി: സഭാ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ കൊണ്ടുവരുന്നതെന്നും എന്തിനാണ് ഓര്‍ത്തഡോക്‌സ് സഭ എതിര്‍ക്കുന്നതെന്നും യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്.

കേരള സമൂഹം ആഗ്രഹിക്കുന്നത് സഭാ തര്‍ക്കം അവസാനിക്കണമെന്നാണ്. നീതി നിഷേധിക്കപ്പെട്ട സമൂഹത്തിന് നീതി ലഭിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ച് ബില്ല് കൊണ്ടുവരുന്നത്. അതിന് എല്ലാവരുടെയും പിന്തുണയും ഉണ്ട്. യാക്കോബായ സഭയ്ക്ക് ആരോടും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. മലങ്കര യാക്കോബായ സുറിയാനി സഭ മലങ്കര മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ട ജോസഫ് മോര്‍ ഗ്രിഗോറിയോസിന് നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാ മത വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് പരിപാടിയില്‍ പങ്കെടുത്ത മന്ത്രി പി രാജീവ് പറഞ്ഞു. സമാധാനത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തുന്നതിനു അസ്തിത്വം നിലനിര്‍ത്തിക്കൊണ്ട് തന്നെ നമുക്ക് മുന്നോട്ട് പോകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോസഫ് മാര്‍ ഗ്രിഗോറിയോസ്
ചര്‍ച്ച് ബില്‍ നടപ്പാക്കരുതെന്ന് കാതോലിക്ക ബാവ; നിയമം സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കി ഗവര്‍ണര്‍
സഭാ തര്‍ക്കത്തില്‍ സമാധാനം ഉണ്ടാകാന്‍ ഒരു വിഭാഗം മാത്രം വിചാരിച്ചാല്‍ പോരെന്ന് മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് അഭിപ്രായപ്പെട്ടു. ഓര്‍ത്തഡോക്‌സ് സഭക്ക് 1934 ലെ സഭ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പ് കാണിക്കാനായിട്ടില്ല. സെമിത്തേരി ബില്ലില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ ഭാഗമായി ചെറിയ തോതില്‍ വെള്ളം ചേര്‍ക്കപ്പെട്ടുവെങ്കിലും പ്രശ്‌നങ്ങള്‍ക്ക് ചെറിയ പരിഹാരം ഉണ്ടാക്കാന്‍ അതിലൂടെ കഴിഞ്ഞു. ചര്‍ച്ച് ബില്ല് നടപ്പിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം ആകും. ഒരു ഇടവകയില്‍ ഭൂരിപക്ഷം വരുന്ന വിശ്വാസികളാണ് അവിടുത്തെ ഭരണത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി രാജീവ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!