മത്സരയോട്ടം; മലപ്പുറത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

മലപ്പുറം : കൊണ്ടോട്ടിയിൽ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

സ്വകാര്യ ബസിനെ അമിത വേഗതയിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ നിന്നും സ്വകാര്യ ബസും കെഎസ്ആർടിസി ബസും ഒരേ സമയത്താണ് പുറപ്പെട്ടത്. ഇതിനിടെ കെഎസ്ആർടിസി ബസ് അമിത വേഗത്തിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ബസ് ഡിവൈഡറിൽ തട്ടി.

നിയന്ത്രണം വിട്ടതോടെ കെഎസ്ആർടിസി ഡ്രൈവർ ബസ് വളയ്ക്കാൻ നോക്കി. എന്നാൽ ബസ് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും സാരമായി പരിക്കേറ്റിട്ടില്ല. രാവിലെ റോഡിൽ വലിയ തിരക്കില്ലാത്തതിനാൽ വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തെ തുടർന്ന് അൽപനേരം നഗരത്തിൽ ഗതാഗത കുരുക്കുണ്ടായി. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!