തിരുവനന്തപുരം ; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നടത്തിപ്പവകാശം 65 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് ലഭിച്ചു. നിർമ്മാണ കാലയളവ് അഞ്ച് വർഷം കൂടി നീട്ടി നൽകിയതോടെയാണ് നടത്തിപ്പവകാശം ഇത്ര വർഷമായി വർദ്ധിച്ചത്.
സർക്കാർ രൂപവത്കരിച്ച വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിന് (വിസിൽ) തുറമുഖം കൈമാറുക 2075 ലായിരിക്കും.
കരാർപ്രകാരം 40 വർഷത്തേക്കാണ് നടത്തിപ്പവകാശം അദാനിക്ക് നൽകിയിരുന്നത്. എന്നാൽ, സ്വന്തം നിലയിൽ തുക മുടക്കി രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കിയാൽ നടത്തിപ്പവകാശം 20 വർഷത്തേക്കുകൂടി നൽകണമെന്ന വ്യവസ്ഥയും പ്രകൃതി ദുരന്തങ്ങൾ കാരണം നിർമാണപ്രവൃത്തികൾ വൈകിയതിന് സർക്കാർ നീട്ടി നൽകിയ അഞ്ചു വർഷം കൂടി ചേരുമ്പോഴാണ് 65 വർഷമാകുന്നത്.
നിർമാണത്തിൽ കാലതാമസം വരുത്തിയതിലുള്ള നഷ്ടപരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അദാനിഗ്രൂപ്പും സർക്കാരും തമ്മിൽ നിലനിന്നിരുന്ന ആർബിട്രേഷൻ നടപടികൾ ഏകപക്ഷീയമായിത്തന്നെ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
ആർബിട്രേഷൻ നടപടികൾ അവസാനിപ്പിച്ച് കേന്ദ്രത്തിൽനിന്നുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വി.ജി.എഫ്.) ആയ 817 കോടി അദാനി പോർട്ടിന് നൽകാനുള്ള ത്രികക്ഷി കരാറിൽ സംസ്ഥാനം ഒപ്പുവെക്കും.
2028ൽ രണ്ടും മൂന്നുംഘട്ടങ്ങൾ പൂർത്തിയാക്കാമെന്ന ധാരണയിലാണ് അദാനി ഗ്രൂപ്പുമായുണ്ടായിരുന്ന ആർബിട്രേഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറായത്.
നിർമാണക്കാലയളവുൾപ്പെടെ 2034 വരെ ആദ്യത്തെ 15 വർഷം ലാഭവിഹിതം പൂർണമായും അദാനിക്കായിരിക്കും. 16-ാം വർഷം മുതൽ ഒരു ശതമാനം വീതം ലാഭവിഹിതം വിസിലിന് നൽകും. ഇത് 40 വർഷംവരെ ഓരോ ശതമാനം വർധിച്ച് 25 ശതമാനം വരെയാകും. നിർമാണക്കാലയളവിൽ കാലതാമസമുണ്ടായെങ്കിലും ലാഭവിഹിതം പങ്കുവെക്കുന്നത് 2034-ൽത്തന്നെ ആരംഭിക്കും.