മലപ്പുറം: ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു. പറപ്പൂര്‍ ചേക്കാലി മാട് അഞ്ചു കണ്ടന്‍ കോയയുടെയും നസീദയുടെയും മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (28) ആണ് മരിച്ചത്.
ഈ മാസം 8 നായിരുന്നു ഇര്‍ഫാന്റെ വിവാഹം. വിവാഹശേഷമുള്ള ഹണിമൂണ്‍ യാത്രക്കായാണ് ഭാര്യ ശിഫയ്‌ക്കൊപ്പം ഇര്‍ഫാന്‍ ശ്രീലങ്കയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം ബിസിനസ് പങ്കാളിയായ കൊടുവള്ളി സ്വദേശി യുവാവും കുടുംബവും ഉണ്ടായിരുന്നു.
ശ്രീലങ്കയില്‍ വെച്ച് സ്‌കൂബ ഡൈവിങ് നടത്തുന്നതിനിടെ ഇര്‍ഫാന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കടലില്‍ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അവശനിലയിലായ ഇര്‍ഫാനെ ഉടന്‍ തന്നെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലെത്തിക്കുമെന്നാണ് വിവരം. അരിക്കുളം ജുമാ മസ്ജിദിലാവും ഖബറടക്കം.
