ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും – അമിത് ഷാ




ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമം ഉടനടി നടപ്പിലാക്കുമെന്ന് വ്യക്തമാക്കി അമിത് ഷാ. 2019 ഡിസംബറിൽ പാർലമെൻ്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ചെയ്ത് നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. രാജ്യതലസ്ഥാനത്ത് നടന്ന ഇ ടി നൗ-ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഷാ.

പൗരത്വ ഭേദഗതി, രാജ്യം പാസാക്കിയ ഒരു നിയമമാണ്. അത് തീർച്ചയായും നടപ്പിലാക്കുക തന്നെ ചെയ്യും. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. തിരഞ്ഞെടുപ്പ് ആകുന്നതോടെ നടപ്പിലാക്കപ്പെടുകയും ചെയ്യും. അമിത് ഷാ പറഞ്ഞു.

യഥാർത്ഥത്തിൽ സിഎഎ എന്നത് കോൺഗ്രസ് സർക്കാരിൻ്റെ വാഗ്ദാനമായിരുന്നു. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ, അഭയാർത്ഥികൾക്ക് ഇന്ത്യയിലേക്ക് സ്വാഗതം എന്നും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയൊന്ന് നടന്നിട്ടില്ല എന്ന നിലയിലാണ് അവർ നടിക്കുന്നത് അമിത് ഷാ കൂട്ടിച്ചേർത്തു.

“നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സമുദായത്തെ പ്രകോപിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഒരു വ്യവസ്ഥയും നിയമത്തിൽ ഇല്ലാത്തതിനാൽ സിഎഎയ്ക്ക് ആരുടെയും പൗരത്വം കവർന്നെടുക്കാനാവില്ല. ബംഗ്ലാദേശിലും പാകിസ്ഥാനിലും പീഡിപ്പിക്കപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന ഒരു നിയമം മാത്രമാണ് സിഎഎ.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!