ക്ഷേമനിധിയിൽ നിന്ന് 2899 കോടി രൂപ വകമാറ്റി; മന്ത്രി വി ശിവൻകുട്ടിക്കെതിരെ വിവരാവകാശ രേഖകളുമായി ബിജെപി

തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടി ക്ഷേമനിധിയിൽ നിന്നും വൻതുക വകമാറ്റിയതായി പരാതി. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി രൂപ വി ശിവൻകുട്ടി വകമാറ്റിയതായാണ് ബിജെപി വ്യക്തമാക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

നിർമ്മാണ തൊഴിലാളികൾക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാനായി സ്വരൂപിച്ച ഫണ്ട്, ചട്ടങ്ങൾ ലംഘിച്ച് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റിയെന്നാണ് ബിജെപി വിവരാവകാശ രേഖകൾ ഉദ്ധരിച്ച് വ്യക്തമാക്കിയിരുന്നത്.

കേരളത്തിലെ ലക്ഷക്കണക്കിന് നിർമ്മാണ തൊഴിലാളികളുടെ കണ്ണീരൊപ്പാൻ നീക്കിവെച്ച തുക ക്ഷേമനിധി നിയമത്തിന് വിരുദ്ധമായി പണം ട്രഷറിയിലേക്ക് വകമാറ്റുകയും, മറ്റ് സർക്കാർ ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തു എന്നാണ് ബിജെപി പരാതിപ്പെടുന്നത്.

തൊഴിലാളികളുടെ വിയർപ്പിന്റെ ഫലം സർക്കാർ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ക്രൂരതയാണെന്ന് ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ആയിരക്കണക്കിന് തൊഴിലാളികൾക്ക് ലഭിക്കേണ്ട ക്ഷേമനിധി പെൻഷൻ കുടിശ്ശികയായിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിക്കെതിരെ ഇത്തരമൊരു ഗുരുതരമായ ആരോപണം പുറത്തുവന്നിരിക്കുന്നത്. ക്ഷേമനിധി ബോർഡുകളിലെ പണം അതത് ആവശ്യങ്ങൾക്കല്ലാതെ വകമാറ്റാൻ പാടില്ല എന്ന് നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!