മലപ്പുറം: ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്. ആർഎസ്എസ് മലപ്പുറം വിഭാഗ് സഹകാര്യവാഹ് കൃഷ്ണകുമാർ ആണ് നോട്ടീസ് അയച്ചത്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന പരാമർശത്തിലാണ് നിയമനടപടി.
കഴിഞ്ഞ ദിവസം ഫാസിസ്റ്റ് വിരുദ്ധ സംഗമം എന്ന പേരിൽ യൂത്ത് കോൺഗ്രസ് മലപ്പുറത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമർശം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ആർഎസ്എസ് നിയമ നടപടികൾ ആരംഭിച്ചത്.
പൊതുവേദിയിൽ ബോധപൂർവ്വം അപകീർത്തിപ്പെടുത്തിയതിന് ആർഎസ്എസിനോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. രാഹുലിന് പുറമേ എഴുത്തുകാരി സിലാമയ്ക്കും ആർഎസ്എസ് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
പരിപാടിയ്ക്ക് മുൻപ് ജില്ലയിലുടനീളം നിയമവിരുദ്ധ ഉള്ളടക്കമുള്ള പോസ്റ്ററുകൾ നേതാക്കൾ പതിച്ചിരുന്നു. ഇതിൽ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ഹാരിസ് മുതൂർ, വൈസ് പ്രസിഡന്റുമാരായ നിധീഷ്, പ്രജിത്ത്, വിശ്വനാഥൻ എ്ന്നിവർക്കെതിരെയും വക്കീൽ നോട്ടീസ് അയച്ചിരുന്നു.
