ഓട്ടോ റോഡരികിൽ നിർത്തി പരിശോധന നടത്തുന്നതിനിടെ കാറിടിച്ച് പാമ്പാടി പങ്ങട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം…

മണർകാട് (കോട്ടയം): ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പുക വന്നതിനെ തുടർന്ന് ഓട്ടോ റോഡരികിൽ നിർത്തി പരിശോധന നടത്തുന്നതിനിടെ യുവാവ് കാറിടിച്ചു മരിച്ചു.
ഇതേ ദിശയിൽ നിന്നു തന്നെ എത്തിയ കാറാണ് യുവാവിനെ ഇടിച്ചത്.

പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്റെ മകൻ എമിൽ ജോസാ(20)ണ് മരിച്ചത്.

അയർക്കുന്നം തിരുവഞ്ചൂരിലെ പള്ളിയിൽ മുത്തുക്കുട എടുക്കാൻ പോയ ശേഷം തിരികെ വരികയായിരുന്നു എമിലും സുഹൃത്തുക്കളും.  മണർകാട് നാലു മണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയ ശേഷം നാലുമണിക്കാറ്റിൽ വിശ്രമിച്ചു.  ഈ സമയം എമിൽ ഓട്ടോയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

റോഡിലേയ്ക്ക് ഇരുന്ന ശേഷം ഓട്ടോയുടെ അടിയിൽ എമിൽ കുനിഞ്ഞ് നോക്കുന്നതിനിടെ ഏറ്റുമാനൂർ ഭാഗത്തു നിന്നും മണർകാട് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ എമിലിനെ ഇടിയ്ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇടിച്ച കാറിൽ തന്നെയാണ് എമിലിനെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ മണർകാട് പൊലീസ് കേസെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!