‘ജയ് ജഗന്നാഥ്’; ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പുരി രഥയാത്ര, ഒഴുകിയെത്തി ലക്ഷങ്ങള്‍…

ഭുവനേശ്വര്‍: ജയ് ജഗന്നാഥ് വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വിഖ്യാതമായ പുരി രഥയാത്രയ്ക്ക് തയാറെടുത്ത് ജഗന്നാഥക്ഷേത്രം. ലോകമെമ്പാടുമുള്ള നിരവധി ഭക്തര്‍ രഥയാത്ര കണ്ട് ഭക്തിസായൂജ്യം അടയാന്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും.

വൈകുന്നേരം നാല് മണിക്കാണ് രഥയാത്ര ആരംഭിക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരെ വരവേല്‍ക്കുന്നതിനായി പുരി നഗരം ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ലക്ഷക്കണക്കിന് ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. രഥയാത്രയുടെ ഭാഗമായി ക്ഷേത്രാങ്കണത്തില്‍ പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ പുരി നഗരത്തില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തോളം ഭക്തര്‍ ഇന്നലെ പുരിയില്‍ എത്തി. ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കേന്ദ്ര സായുധസേനകള്‍ ഉള്‍പ്പെടെ 10,000 സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ 275-ലധികം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഡ്രോണുകള്‍, ഡോഗ് സ്‌ക്വാഡുകള്‍, ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരും വിവിധയിടങ്ങളിലുണ്ട്.

ആഷാഢ മാസത്തില്‍ പുരി ആഘോഷിക്കുന്ന ഏറ്റവും വലിയ ഉത്സവമാണിത്. ജഗന്നാഥ ഭഗവാന്‍, സഹോദരന്‍ ബലഭദ്രന്‍, സഹോദരി സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങള്‍ രഥത്തിലേറ്റി പുരിയിലെ തെരുവുകളിലൂടെ എഴുന്നള്ളിക്കും. ഇതിന്റെ ഭാഗമായി രഥയാത്ര കടന്നുപോകുന്ന തെരുവുകള്‍ അലങ്കരിച്ചിട്ടുണ്ട്. നിരവധി കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും രഥയാത്രയ്ക്കായി മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ക്ഷണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!