കോട്ടയം: ഏറ്റുമാനൂരിലെ യാത്രക്കാരുടെ ദീർഘ നാളത്തെ ആവശ്യമായ 16309/10 എക്സ്പ്രസ്സ് മെമുവിന് ഇന്നു മുതൽ സ്റ്റോപ്പ് റെയിൽവേ അനുവദിച്ചു.
യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ എക്സ്പ്രസ്സ് മെമുവിന്റെ സ്റ്റോപ്പിന്റെ ആവശ്യപ്പെട്ടുകൊണ്ട് ഡിവിഷണൽ മാനേജർക്കും, ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗമായ കൊടിക്കുന്നിൽ സുരേഷ് എം പിയ്ക്കും നിവേദനം നൽകിയിരുന്നു.
ഇതിൻ്റെ ഫലമായി കേരളത്തിലെ റെയിൽ യാത്രാക്ലേശങ്ങളിൽ സമഗ്രമായ ഇടപെടൽ നടത്തുന്ന ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം കൂടിയായ കൊടിക്കുന്നിൽ സുരേഷ് സ്റ്റോപ്പിന്റെ ആവശ്യകത ബോധ്യപ്പെട്ട് ഇതുമായി ബന്ധപ്പെട്ട യോഗങ്ങളിൽ നിർദ്ദേശം ഉയർത്തി.
മെഡിക്കൽ കോളേജ്, ഐ സി എച്ച്, ഐ ടി ഐ, ബ്രില്യന്റ് കോളേജ്, എം.ജി യൂണിവേഴ്സിറ്റി അടക്കം നിരവധി സർക്കാർ അർദ്ധ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും മറ്റു ഓഫീസ് ആവശ്യങ്ങളുമായി ഏറ്റുമാനൂരിനെ ആശ്രയിക്കുകയും ചെയ്യുന്ന യാത്രക്കാർക്കും സ്റ്റോപ്പ് ഏറെ പ്രയോജനകരമാകും.
റിപ്പബ്ലിക് ദിനത്തിൽ ദക്ഷിണ റെയിൽവേ വിവിധ സ്റ്റേഷനുകളിൽ പ്രഖ്യാപിച്ച സ്റ്റോപ്പുകളുടെ കൂട്ടത്തിലാണ് 16309/10 എക്സ്പ്രസ്സ് മെമുവിന് ഏറ്റുമാനൂരിലെ സ്റ്റോപ്പും പരിഗണിക്കപ്പെട്ടത്.
ഉച്ചക്ക് 01.10 നുള്ള 66308 കൊല്ലം എറണാകുളം മെമുവിന് ശേഷം, എറണാകുളം ഭാഗത്തേയ്ക്ക് നീണ്ട ഇടവേള കഴിഞ്ഞ് വൈകുന്നേരം 04.34 നുള്ളതാണ് ഈ സർവീസ്.
ഏറ്റുമാനൂരിലെ സമയക്രമം
▪️ട്രെയിൻ നമ്പർ 16309: എറണാകുളത്ത് നിന്ന് കായംകുളത്തേയ്ക്കുള്ള എക്സ്പ്രസ്സ് മെമു ഏറ്റുമാനൂരിൽ രാവിലെ എത്തുന്നതും പുറപ്പെടുന്നതുമായ സമയം :09.42/09:43
▪️ട്രെയിൻ നമ്പർ 16310: കായംകുളത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള എക്സ്പ്രസ്സ് മെമു ഏറ്റുമാനൂർ എത്തുന്നതും പുറപ്പെടുന്നതുമായ സമയം :04:34/04:35.
ഏറ്റുമാനൂരിലെ യാത്രക്കാർക്ക് റിപ്പബ്ലിക് ദിന സമ്മാനം. 16309/10 എക്സ്പ്രസ്സ് മെമുവിന് സ്റ്റോപ്പ്
