വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന നിവിൻ പോളിയുടെ പരാതി;നിർമാതാവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി…

കോട്ടയം: വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് പി എസ് ഷംനാസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കോടതി. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ബിഎന്‍എസ് നിയമത്തിലെ 229, 236, 237 വകുപ്പുകള്‍ ചുമത്തി. കോടതിയില്‍ വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നല്‍കിയതിന് കേസെടുത്തു. കോടതിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെച്ചതിനും പി എസ് ഷംനാസിനെതിരെ കേസെടുത്തിട്ടുണ്ട്.

വ്യാജ തെളിവുകള്‍ നല്‍കുന്നത് കോടതിയെ കബളിപ്പിക്കലെന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍. കോടതിയില്‍ സത്യം അറിയിക്കേണ്ട പി എസ് ഷംനാസ് മനഃപൂര്‍വം വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും കോടതി വിലയിരുത്തി. നീതിക്കായി പ്രോസിക്യൂഷന്‍ നടപടി അനിവാര്യമാണ്. പി എസ് ഷംനാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. കോടതിതല അന്വേഷണം നടത്തിയ ശേഷമാണ് മജിസ്ട്രേറ്റ് കോടതി സംഭവത്തില്‍ കേസെടുത്തത്. നിവിന്‍ പോളിക്കായി ഹൈക്കോടതിയിലെ അഭിഭാഷകരായ ടി സുകേഷ് റോയിയും മീര മേനോനും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!