കുമരകം മേജർ ശ്രീധർമ്മ ശാസ്താ-സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ മകരവിളക്ക്, തൈപ്പൂയ മഹോത്സവം


കോട്ടയം : കുമരകം മേജർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ഈ വർഷത്തെ മകരവിളക്ക്, തൈപ്പൂയ മഹോത്സവങ്ങൾ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിക്കും.

14 ബുധനാഴ്ചയാണ് മകരവിളക്ക് മഹോത്സവം നടക്കുന്നത്. അന്ന് രാവിലെ 10 മണിക്ക് നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവയും വൈകുന്നേരം 6 മണിക്ക് കുമരകം ചന്തക്കവലയിൽ നിന്നാരംഭിക്കുന്ന തങ്കഅങ്കി രഥയാത്ര സ്വീകരണവും നടക്കും. തുടർന്ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധനയും വിളക്കും ഭക്തർക്ക് ദർശിക്കാം.

മകരവിളക്ക് ദിവസം രാവിലെ 9 മണിക്ക് മുൻപായി നെയ്യുമായി എത്തുന്ന ഭക്തർക്ക് ശാസ്താവിന് നെയ്യഭിഷേകം വഴിപാടായി സമർപ്പിക്കാവുന്നതാണ്.

ഫെബ്രുവരി 1 ഞായറാഴ്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം നടക്കും. രാവിലെ 9 മണിക്ക് കാവടി പൂജയും തുടർന്ന് വടക്കുംകര ദേവി ക്ഷേത്ര സന്നിധിയിലെ പാട്ടുപുരയ്ക്കൽ നിന്നും കാവടി ഘോഷയാത്ര ആരംഭിക്കും. 11 മണിക്ക് കാവടി അഭിഷേകം, ഉച്ചയ്ക്ക് 12.30-ന് പ്രസാദമൂട്ട്, വൈകുന്നേരം ദീപാരാധന എന്നിവയോടെ ചടങ്ങുകൾ സമാപിക്കും.

കാവടി എടുക്കാൻ താല്പര്യമുള്ള ഭക്തർ ജനുവരി 25-ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര ഉപദേശകസമിതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!