കോട്ടയം : കുറിച്ചി നീലംപേരൂർ പൂരം പടയണി ഇന്ന്. 10 വർഷത്തിനു ശേഷം രണ്ട് വല്യന്നങ്ങൾ എത്തുന്ന അപൂർവ കാഴ്ചയാണ് ഇന്ന് നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൂരം പടയണിയിൽ.
ഒൻപതേ കാൽ കോൽ ഉയരമുള്ള വല്യന്നമാണ് പുത്തൻ വല്യന്നം. ഏഴേകാൽ കോൽ ഉയരമുള്ള മറ്റൊരു വല്യന്നം കൂടി എത്തും.രാത്രി 11നു ശേഷം വല്യന്നങ്ങൾ എഴുന്നള്ളും.

50 പുത്തൻ അന്നങ്ങളും മയൂരവാഹനൻ, ഗരുഡൻ എന്നീ പുത്തൻ കോലങ്ങളടക്കം വിവിധ കോലങ്ങളും പടയണിക്കളത്തിൽ എത്തും.
ഇന്നു രാവിലെ 6ന് പടയണിക്കളത്തിൽ അന്നങ്ങളെയും കോലങ്ങളെയും അണിയിച്ചൊരുക്കുന്ന നിറപണികൾ ആരംഭിച്ചു. വാഴപ്പോള, താമരയില, ചെത്തിപ്പൂവ് എന്നിവ ഉപയോഗിച്ചാണ് അലങ്കാരങ്ങൾ. വൈകിട്ട് ദീപാരാധനയ്ക്കു മുൻപായി അന്നത്തിന്റെ മുഴുവൻ പണികളും തീരും.
12ന് കൊട്ടിപ്പാടി സേവ. ഉച്ചയ്ക്ക് ഒന്നിന് അന്നമൂട്ട്.രാത്രി 8നു പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കൽ. രാത്രി 10ന് കുടംപൂജകളി.10.30ന് സർവ്വപ്രായശ്ചിത്തം, അനുജ്ഞവാങ്ങൽ, തോത്താകളി.
രാത്രി 11ന് പുത്തനന്നങ്ങളുടെ തിരുനടസമർപ്പണം. ചൂട്ടുവെളിച്ചത്തിന്റെ പൊൻപ്രഭയിൽ അന്നങ്ങൾ ക്ഷേത്രാങ്കണത്തിലേക്ക് എത്തും. പിന്നാലെ പുത്തൻ വല്യന്നം നടയ്ക്കലെത്തും.
12ന് ദേശത്തിന്റെ വല്യന്നം എഴുന്നള്ളും. തുടർന്ന് അന്നങ്ങൾ, കോലങ്ങൾ, പൊയ്യാന, സിംഹം എന്നിവ എഴുന്നള്ളും.
