ന്യൂഡൽഹി: എയർക്രാഫ്റ്റ് എഞ്ചിനുകളുടെയും പ്രതിരോധവുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും രൂപകല്പന, വികസനം, നിർമ്മാണം എന്നിവയുടെ ചുമതലയുള്ള തങ്ങളുടെ കമ്പനിയായ സഫ്രാൻ, വികസനം, സർട്ടിഫിക്കേഷൻ, ഉൽപ്പാദനം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യയുമായി 100 ശതമാനം സാങ്കേതിക കൈമാറ്റം ചെയ്യാൻ തയ്യാറാണെന്ന് ഫ്രാൻസ് വ്യക്തമാക്കിയതായി ഫ്രാൻസിലെ ഇന്ത്യൻ പ്രതിനിധി ജാവേദ് അഷ്‌റഫ് പറഞ്ഞു
“ഇത് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ പ്രധാനപ്പെട്ട വിഷയമാണ്… ഇനിയിപ്പോൾ , നമ്മുടെ ഭാവി യുദ്ധവിമാന ആവശ്യകതകൾക്ക് അനുസൃതമായ ഒരു കൂട്ടം സ്പെസിഫിക്കേഷനുകളിൽ എത്തിച്ചേരുക എന്നത് മാത്രമേ ബാക്കിയുള്ളൂ ജാവേദ് അഷ്‌റഫ് വ്യക്തമാക്കി
ഇന്ത്യൻ പ്രതിരോധ വ്യവസായത്തെയും മെയ്ക് ഇൻ ഇന്ത്യ യെയും സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒരു വഴിത്തിരിവാണിത്. പൂർണ്ണമായും സാങ്കേതിക വിദ്യാ കൈമാറ്റം നടത്താൻ ഫ്രാൻസ് തയ്യാറാകുന്നതോടെ ഇന്ത്യൻ പ്രതിരോധ വ്യവസായത്തിൽ വലിയൊരു കുതിപ്പ് തന്നെ രാജ്യത്തിന് പ്രതീക്ഷിക്കാം.
പൂർണ്ണ സാങ്കേതികത വിദ്യാ കൈമാറ്റം നടത്താൻ തയ്യാറാകാത്ത അമേരിക്കൻ കമ്പനികളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യക്ക് വളരെയധികം മുൻതൂക്കമാണ് ഈ കരാർ നൽകുന്നത്. റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി ആയി തുടരുന്നതിന്റെ കാരണവും ഈ സാങ്കേതികത കൈമാറ്റം കാരണമാണ്. ആ സഖ്യത്തിലേക്കാണ് ഇപ്പോൾ ഫ്രാൻസും വരുന്നതെങ്കിൽ വലിയൊരു ശാക്തിക ചേരിക്ക് തന്നെ ഇത് തുടക്കം കുറയ്ക്കുമെന്ന് നിസംശയം പറയാം.
ഒരു പ്രതിരോധ ഉൽപ്പാദന മാർഗരേഖ സ്വീകരിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ടെന്ന് ജാവേദ് അഷ്‌റഫ് കൂട്ടിച്ചേർത്തു . ആ രൂപരേഖയിലൂടെ പ്രതിരോധ സഹകരണത്തിൻ്റെ ശ്രദ്ധയും മുൻഗണനയും പ്രതിരോധ വ്യാവസായിക മേഖലയിലെ പങ്കാളിത്തത്തിനുള്ള അവസരങ്ങളും തിരിച്ചറിയുക എന്നതാണ് ഉദ്ദേശിക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതിക വിദ്യയിൽ പങ്കാളിത്തം ഉണ്ടാവുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും സംബന്ധിച്ച് വലിയ കുതിപ്പായിരിക്കും അത് നൽകാൻ പോകുന്നത്.
