കാസർകോട് : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് തുടക്കം. കാസർകോട് താളിപ്പടപ്പ് മൈതാനിയിൽ വൈകീട്ട് മൂന്ന് മണിക്ക് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷം ആരംഭിക്കുന്ന ആദ്യദിന പദയാത്ര വൈകീട്ട് ആറ് മണിയോടെ മേപ്പറമ്പിൽ അവസാനിക്കും.
രാവിലെ ഒൻപത് മണിയോടെ തന്നെ പദയാത്രയുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ പരിപാടികൾക്ക് തുടക്കമാകും. രാവിലെ സുരേന്ദ്രൻ മധൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. ഇതിന് ശേഷം കുമ്പളയിൽ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ഗുണഭോക്താ ക്കളുമായി സംവദിയ്ക്കും. 12 മണിക്ക് ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ കാസർകോട് ലോക്‌സഭ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
ലോക്സഭാ മണ്ഡലങ്ങളിലൂടെയാണ് എൻഡിഎയുടെ പദയാത്ര കടന്നു പോകുക. പദയാത്രയിൽ ഓരോ മണ്ഡലത്തിലെയും മത, സാമുദായിക സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. ഇവരുമായി കെ.സുരേന്ദ്രൻ സംസാരിക്കും.
നാളെ കണ്ണൂർ ജില്ലയിലാണ് പദയാത്ര. 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നു പോകും.
അടുത്ത മാസം 27 നാണ് പദയാത്ര പര്യവസാനിക്കുക. ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് എത്തുന്ന പദയാത്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഓരോ മണ്ഡലത്തിലും 25,000 പേർ പദയാത്രയിൽ പങ്കെടുക്കും