ദയനീയം ഗില്‍, ഇത്തവണ ഗോള്‍ഡന്‍ ഡക്ക്! 67 റണ്‍സിനിടെ ഇന്ത്യയ്ക്ക് നഷ്ടം 4 വിക്കറ്റുകള്‍…

ചണ്ഡീഗഢ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 പോരാട്ടത്തിൽ 214 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്കു ബാറ്റിങ് തകര്‍ച്ച. 67 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്കു 4 വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണിങ് സ്ഥാനത്ത് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കൂടുതല്‍ ദയനീയമായിരുന്നു ഇന്ന്. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം ഗോള്‍ഡന്‍ ഡക്കായി കൂടാരം കയറി. മറുഭാഗത്ത് അഭിഷേക് ശര്‍മ രണ്ട് സിക്‌സടിച്ച് 8 പന്തില്‍ 17 റണ്‍െസടുത്തു നില്‍ക്കെ പുറത്തായി.

ഫോം ഔട്ടിലുള്ള ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വീണ്ടും നിരാശപ്പെടുത്തി. താരം 5 റണ്‍സുമായി മടങ്ങി. പിന്നീട് ക്രീസില്‍ ഒന്നിച്ച അക്ഷര്‍ പട്ടേല്‍- തിലക് വര്‍മ സഖ്യം സ്‌കോര്‍ മുന്നോട്ടു മികച്ച രീതിയില്‍ കൊണ്ടു പോകുന്നതിനിടെ അക്ഷറും പുറത്ത്. താരം ഓരോ സിക്‌സും ഫോറും സഹിതം 21 പന്തില്‍ 21 റണ്‍സെടുത്തു മടങ്ങി.

നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറുയര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചെടുത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ക്വിന്റന്‍ ഡി കോക്ക് ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയിരുന്നു. പിന്നാലെ ഇപ്പോള്‍ രണ്ടാം ടി20യില്‍ താരം 90 റണ്‍സിലും എത്തി. ഓപ്പണറായി ഇറങ്ങിയ ഡി കോക്ക് 46 പന്തില്‍ 7 സിക്‌സും 5 ഫോറും സഹിതമാണ് 90ല്‍ എത്തിയത്. സെഞ്ച്വറിയിലേക്ക് കുതിച്ച പ്രോട്ടീസ് ഓപ്പണര്‍ റണ്ണൗട്ടായി മടങ്ങുകയായിരുന്നു.

പിന്നീടെത്തിയവരില്‍ ഡോണോവന്‍ ഫെരെയ്‌രയും ഡേവിഡ് മില്ലറും ചേര്‍ന്നാണ് സ്‌കോര്‍ 200 കടത്തിയത്. ഡോണോവന്‍ 16 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 30 റണ്‍സെടുത്തു നോട്ടൗട്ടായി ക്രീസില്‍ തുടര്‍ന്നു. മില്ലര്‍ 12 പന്തില്‍ 1 സിക്‌സും 2 ഫോറും സഹിതം 20 റണ്‍സെടുത്തും പുറത്താകാതെ നിന്നു.

ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവന നല്‍കി. താരം 2 സിക്‌സും ഒരു ഫോറും സഹിതം 29 റണ്‍സ് അടിച്ചു. ഡെവാള്‍ഡ് ബ്രവിസ് കനത്ത അടികളുമായി തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. താരംഒരു സിക്‌സും ഫോറും സഹിതം 14 റണ്‍സെടുത്ത് ഔട്ടായി. റീസ ഹെന്‍ഡ്രിക്‌സാണ് പുറത്തായ മറ്റൊരു താരം. 8 റണ്‍സ് മാത്രമാണ് സംഭാവന.

ഇന്ത്യയ്ക്കായി പന്തെറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി ഒഴികെയുള്ളവര്‍ തല്ല് വാങ്ങി. വരുണ്‍ 4 ഓവറില്‍ 29 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേലിനാണ് ഒരു വിക്കറ്റ്. അര്‍ഷ്ദീപ് സിങിനാണ് തല്ല് കൂടുതല്‍ കിട്ടിയത്. താരത്തിന്റെ 4 ഓവറില്‍ നിന്നു ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ 54 റണ്‍സ് വാരി. ജസ്പ്രിത് ബുംറയുടെ 4 ഓവറില്‍ 45 റണ്‍സും അടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!