ചെന്നൈ :വീട്ടുജോലിക്കാരിയെ മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിലായി. ഒളിവിൽപോയ ആന്റോ മണിവാണൻ, ഭാര്യ മെർലിൻ എന്നിവരെ ആന്ധ്രയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യം ചെയ്ത ശേഷം ചെന്നൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കാനാണ് നീക്കം. ഡിഎംകെ പല്ലാവരം എംഎൽഎ ഐ.കരുണാനിധിയുടെ മകനും മരുമകളുമാണു കേസിലെ പ്രതികൾ.
ഉളുന്ദൂർപ്പെട്ട് സ്വദേശിനി രേഖ (18)യാണ് ഇവരുടെ ഉപദ്രവത്തിന് ഇരയായത്. രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയാണ്. 12–ാം ക്ലാസ് പൂർത്തിയാക്കിയ രേഖ ഏഴു മാസം മുൻപാണ് ചെന്നൈ തിരുവാൺമിയൂരിലുള്ള ആന്റോയുടെ വീട്ടിൽ ജോലിക്കായി എത്തിയത്.
ദലിത് പെൺകുട്ടിയെ എംഎൽഎയുടെ മകനും മരുമകളും ചേർന്ന് മർദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി. സംഭവത്തിൽ പട്ടികജാതി അതിക്രമ നിരോധന നിയമം ഉൾപ്പെടെ 6 വകുപ്പുകളിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
