തിരുവനന്തപുരം : സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള ആരെയും സര്‍ക്കാരും പാര്‍ട്ടിയും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
എന്‍. വാസുവിനെ പറ്റിയുള്ള കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനും പാര്‍ട്ടിക്കും സ്വര്‍ണക്കൊള്ളയില്‍ യാതൊരു ഉത്തരവാദിത്തം ഇല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഒരാളെയും വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യേണ്ട പ്രശ്‌നം ഇപ്പോഴില്ല. അതൊക്കെ കോടതിയുടെ മുന്നില്‍ വരട്ടെ. എനിക്കങ്ങനെ ഒരാളെ കുറിച്ചും ബോധ്യമില്ല. ഞാന്‍ ബോധ്യപ്പെടേണ്ട കാര്യവുമില്ല. കോടതിയുടെ മുന്നില്‍ കൃത്യമായിട്ട് ഒക്കെ വരും. അപ്പോള്‍ നമുക്ക് ആലോചിക്കാം – അദ്ദേഹം പറഞ്ഞു.
എ. പത്മകുമാറിനെ അറസ്റ്റ് ചെയ്‌തേക്കുമല്ലോ എന്ന ചോദ്യത്തിന് ആരുടെ അറസ്റ്റും തങ്ങള്‍ക്ക് പ്രശ്‌നമല്ല, സര്‍ക്കാരിനും പാര്‍ട്ടിക്കും ഇതുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അയ്യപ്പന്റെ ഒരു തരി സ്വര്‍ണം, നഷ്ടപ്പെടാന്‍ പാടില്ല.
നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്‌ഐടി പുതിയ സംവിധാനം രൂപപ്പെടുത്തി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഈ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ആരാണോ അതിന്റെ ഉത്തരവാദികള്‍ അവരെ പിടികൂടുക, നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, ഫലപ്രദമായി ശിക്ഷിക്കുക – ഇതാണ് സിപിഐഎമ്മിന്റെ ഉന്നം – അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ള; ‘പാര്‍ട്ടിക്കും സര്‍ക്കാരിനും ബന്ധമില്ല; ആര് തെറ്റ് ചെയ്താലും ശക്തമായ നിയമ നടപടി സ്വീകരിക്കും’; എം.വി ഗോവിന്ദൻ
