കോട്ടയം: അക്ഷര നഗരിയിലെ യുവരാജകുമാരൻ ഭാരത് വിനോദ് വിടവാങ്ങി. തിരുനക്കരയപ്പൻ്റെ പൊന്നിൻ തിടമ്പേറ്റാൻ ഇനി ഭാരത് വിനോദ് ഇല്ലെന്ന് യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ആനപ്രേമികൾ സങ്കടത്തിൽ. ഭാരത് വിനോദിന്റെ വേർപാട് കേരളത്തിലെ ഉൽസവങ്ങൾക്കും ആനപ്രേമികൾക്കും തീരാനഷ്ടം.
കുളമ്പ് രോഗത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു ഭാരത് വിനോദ്. രോഗം മൂർച്ചിച്ചതിനേ തുടർന്ന് ഇന്ന് പുലർച്ചെയാണ് കൊമ്പൻ ചരിഞ്ഞത്.
വെറ്റിനറി സർജനും ആന വിദഗ്ധനുമായ ഡോ.സാബു സി ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു ആനയ്ക്ക് ചികിൽസ നൽകിയിരുന്നത്.

തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനും പൂരത്തിനും ഭഗവാൻ്റെ പൊന്നിൻ തിടമ്പേറ്റുന്നത് പലപ്പോഴും ഭാരത് വിനോദ് ആയിരുന്നു. കഴിഞ്ഞ അഷ്ടമി വിളക്കിന് തിരുവൈക്കത്തപ്പൻ്റെ പൊന്നും തിടമ്പ് എഴുന്നള്ളിക്കാനുള്ള ഭാഗ്യം ലഭിച്ചതും ഭാരത് വിനോദിനായിരുന്നു.
വൈക്കം,തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട, തൃശൂർ പൂരം, ഉത്രാളിക്കാവ് പൂരം, ആറാട്ടുപുഴ പൂരം തുടങ്ങി കേരളത്തിലെ പ്രധാന ഉൽസവങ്ങളിലെല്ലാം നിറ സാന്നിദ്ധ്യമായിരുന്നു ഭാരത് വിനോദ്