പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ തിരികെ ലഭിച്ചത് രണ്ട് ജീവനുകൾ!  ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ദമ്പതികളെ  കണ്ടെത്തി പിന്തിരിപ്പിച്ച് കോട്ടയം ഗാന്ധിനഗർ പൊലീസ്

കോട്ടയം : ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ കടബാധ്യതയിൽ കുടുങ്ങി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച കോട്ടയം സ്വദേശികളായ ദമ്പതികൾക്ക് രക്ഷകരായി ഗാന്ധിനഗർ പൊലീസ്.

ട്രയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാൻ വീട്ടില്‍ നിന്നിറങ്ങിയ  ദമ്പതികളെ അതിവേഗം കണ്ടെത്തി പൊലീസ് പിന്തിരിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയോടുകൂടിയാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വരുന്നത്,  സംസാരിച്ചപ്പോള്‍ മറുതലക്കല്‍ അല്പം പ്രായമായ ഒരു സ്ത്രീ വളരെ പരിഭ്രമത്തോടുകൂടിയും പേടിയോടു കൂടിയും അവ്യക്തമായി എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു.

അവരുടെ സംസാരത്തില്‍ നിന്ന് വിദേശത്തായിരുന്ന മകനും ഭാര്യയും  കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന്  അവിടെയുള്ള വീടും കാറും മറ്റു വസ്തുക്കളും വിറ്റശേഷം നാട്ടിൽ  തിരിച്ചെത്തിയിരിക്കുകയാണെന്നും.

അല്പ സമയം മുൻപ് സാമ്പത്തിക ബുദ്ധിമുട്ടിനെ കുറിച്ച്‌ സംസാരിച്ച  ശേഷം രണ്ടുപേരും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും പറഞ്ഞു വീടിനു പുറത്തേക്ക് പോയെന്നും ആ അമ്മ പൊലീസിനോട് പറഞ്ഞു.

ജി.ഡി ചാർജ് എ.എസ്.ഐ പ്രതീഷ് രാജ് ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും കുറിച്ചെടുത്ത ശേഷം ഉടൻതന്നെ നൈറ്റ് ഓഫീസർ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്.ഐ സിബിമോനെയും സി.പി.ഒ ഡെന്നിയെയും വിവരമറിയിച്ചു.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സിബിമോനും ഡെന്നിയും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി ഉടൻതന്നെ അവിടേക്ക് ചെന്ന്, ഫോണ്‍ വിളിച്ച അമ്മയെ തിരിച്ചു വിളിക്കുകയും ആ പരിസര പ്രദേശങ്ങളില്‍ അന്വേഷണം നടത്തുകയും ചെയ്തു.

ഇതിനിടെ ദമ്പതികൾ നീലിമംഗലം റെയില്‍വേ ട്രാക്കിനടുത്ത് നില്‍ക്കുന്നതായി പൊലീസ് കണ്ടെത്തി, തുടർന്ന് ഇരുവരുമായി സംസാരിക്കുകയും ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു.

അവർക്ക് പറയാനുള്ളതെല്ലാം സാവധാനം ക്ഷമയോടെ കേള്‍ക്കുകയും അവർക്ക് ധൈര്യവും ആശ്വാസവും പകർന്ന് അവരെ തിരികെ വീട്ടില്‍ വിട്ടതിന് ശേഷമാണ്  സിബിയും ഡെന്നിയും തിരികെ സ്റ്റേഷനിൽ എത്തിയത്. പൊലീസ് സംഭവസ്ഥലത്ത്‌ എത്തുന്നതിന് അല്പം വൈകിയിരുന്നെങ്കില്‍ പിറ്റേന്ന് നാടുണരുന്നത് ഒരു വലിയ ദുരന്തവാർത്ത കേട്ടുകൊണ്ടായിരുന്നേനേ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!