നാഗ്പുർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ വേദിയിലിരുത്തി പരസ്‌പരം വഴക്കുണ്ടാക്കുന്ന രണ്ട് ഉന്നത വനിതാ ഉദ്യാഗസ്ഥരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. നാഗ്പുരിൽവച്ച് നടന്ന ചടങ്ങിനിടെയാണ് വനിതാ പോസ്റ്റുമാസ്റ്റർ ജനറൽമാർ തമ്മിലുള്ള പോര്. സ്ഥലം മാറ്റത്തെ ചൊല്ലിയാണ് നാഗ്പുർ പോസ്റ്റുമാസ്റ്റർ ജനറൽ ശോഭ മദ്ദലെയും നവി മുംബയ് പോസ്റ്റുമാസ്റ്റർ ജനറൽ സുചിത ജോഷിയുമായി വഴക്ക് തുടങ്ങിയത്.
നാഗ്പുർ പിഎംജി ആയിരുന്ന ശോഭയ്ക്ക് സെപ്തംബർ എട്ടിനാണ് ഘർവാഡിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ നാഗ്പുറിലെ ഇടക്കാല പിഎംജിയായി സുചിതയ്ക്ക് നിയമനവും ലഭിച്ചു. എന്നാൽ കോടതിയിൽ പോയി സ്റ്റേ വാങ്ങിയ ശോഭ തിരികെയെത്തി നാഗ്പുരിലെ പദവിയിൽ തുടർന്നു. ഇതോടെ പോര് രൂക്ഷമായത്.
ഗഡ്കരി നോക്കിയിരിക്കെ അടുത്തടുത്ത ഇരിപ്പിടത്തിൽ ഇരിക്കുന്ന സുചിതയും ശോഭയും പരസ്പരം പിച്ചുന്നതും ഇതോടെ ഒരാളുടെ കയ്യിലെ വെള്ളം മറിഞ്ഞ് സീറ്റിൽ വീഴുന്നതും വീഡിയോയിൽ കാണാം. നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞതോടെ കെെമുട്ട് കൊണ്ട് വീണ്ടും തട്ടുകയും എഴുന്നേറ്റ് മാറിയിരിക്കാൻ സുചിതയോട് ശോഭ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
