ഛണ്ഡീഗഢ്: മകന്‍ അഖീല്‍ അക്തര്‍ (35) മരിച്ച സംഭവത്തില്‍ പഞ്ചാബ് മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) മുഹമ്മദ് മുസ്തഫയ്ക്കും ഭാര്യയും മുന്‍ മന്ത്രിയുമായ റസിയ സുല്‍ത്താനയ്ക്കുമെതിരെ ഹരിയാണ പോലീസ് കേസെടുത്തു. അഖീല്‍ അക്തറിന്റെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ചതെന്ന് കരുതുന്ന അഖീല്‍ അക്തറിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിരുന്നു. തന്റെ ഭാര്യയുമായി പിതാവിന് അവിഹിത ബന്ധമുണ്ടെന്നും തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നും വീഡിയോയില്‍ അഖീല്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇയാള്‍ ലഹരിക്കടിമയാണെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്.
അഖീല്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോകളും ഒരു കുടുംബ സുഹൃത്തിന്റെ മൊഴിയും പുറത്തുവന്നതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. അയല്‍ക്കാരനായ ഷംഷുദ്ദീന്‍ ചൗധരി വീഡിയോ പോലീസിന് കൈമാറുകയും വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതിയും നല്‍കി.
ഒക്ടോബര്‍ 16-ന് രാത്രി പഞ്ച്കുളയിലെ വസതിയില്‍ വെച്ചാണ് അഖീല്‍ മരിക്കുന്നത്. അഖീലിനെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത് കുടുംബാംഗങ്ങളാണ്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് അവര്‍ അവകാശപ്പെട്ടത്. എന്നാല്‍, ഏതെങ്കിലും മരുന്ന് കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഷംസുദ്ദീന്‍ ചൗധരി നല്‍കിയ പരാതിയും ഓഗസ്റ്റ് 27-ന് അഖീല്‍ റെക്കോര്‍ഡ് ചെയ്ത 16 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ഉയര്‍ത്തി.
‘എന്റെ പിതാവുമായി എന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഞാന്‍ കണ്ടെത്തി. ഞാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും ആഘാതത്തിലുമാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. അവര്‍ എന്നെ ഒരു കള്ളക്കേസില്‍ കുടുക്കുമെന്ന് എല്ലാ ദിവസവും ഞാന്‍ ഭയപ്പെടുന്നു’ പുറത്തുവന്ന വീഡിയോയില്‍ അഖീല്‍ പറയുന്നു.
തന്നെ കൊല്ലാനോ കള്ളക്കേസില്‍ കുടുക്കാനോ ഉള്ള ഗൂഢാലോചനയില്‍ അമ്മയും സഹോദരിയും ഭാഗമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. തന്നെ അന്യായമായി തടങ്കലില്‍ വെക്കുകയും, റീഹാബിറ്റേഷന്‍ കേന്ദ്രത്തിലേക്ക് അയക്കുകയും, തന്റെ ബിസിനസ്സില്‍ നിന്നുള്ള വരുമാനം തടഞ്ഞുവെക്കുകയും ചെയ്തതായി അഖീല്‍ അവകാശപ്പെട്ടു.
വിവാഹത്തിന് മുന്‍പേ തന്റെ പിതാവിന് ഭാര്യയെ അറിയാമായിരുന്നുവെന്ന് സംശയിക്കുന്നതായി 33-കാരനായ അഖീല്‍ വീഡിയോയില്‍ പറഞ്ഞു. ‘ആദ്യ ദിവസം അവള്‍ എന്നെ തൊടാന്‍ പോലും അനുവദിച്ചില്ല. അവള്‍ വിവാഹം കഴിച്ചത് എന്നെയല്ല, എന്റെ അച്ഛനെയാണ്’
തനിക്ക് ഇല്ലാത്ത കാര്യങ്ങള്‍ തോന്നുകയാണെന്നും മിഥ്യാധാരണകളാണെന്നും കുടുംബാംഗങ്ങള്‍ പലപ്പോഴും പറയാറുണ്ടെന്നും അഖീല്‍ വീഡിയോയില്‍ പറഞ്ഞു. താന്‍ ലഹരിക്ക് അടിമയായിരുന്നില്ല. എനിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെങ്കില്‍, എന്നെ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകേണ്ടതായിരുന്നു. പക്ഷെ അതുണ്ടായില്ലെന്നും അഖീല്‍ പറയുന്നു.
‘ആരെങ്കിലും എന്നെ സഹായിക്കൂ. ആരെങ്കിലും ദയവായി എന്നെ രക്ഷിക്കൂ,’ അഖില്‍ പറഞ്ഞു. തന്റെ മകള്‍ യഥാര്‍ത്ഥത്തില്‍ തന്റേതാണോയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
പിന്നീട് മറ്റൊരു വീഡിയോകൂടി പുറത്ത് വന്നു. ഈ വീഡിയോയില്‍ തന്റെ മാനസികാസ്വാസ്ഥ്യം കാരണമാണ് കുടുംബാംഗങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് അഖീല്‍ പറയുന്നുണ്ട്. ‘ഞാന്‍ സ്‌കീസോഫ്രീനിയ എന്ന അസുഖം ബാധിച്ച് കഷ്ടപ്പെടുകയായിരുന്നു. എനിക്ക് അസുഖമായതിനാല്‍ ഒന്നും മനസ്സിലായില്ല. എനിക്കിപ്പോള്‍ ഭേദമുണ്ട്. എനിക്ക് ക്ഷമ ചോദിക്കണം. ഇങ്ങനെയൊരു കുടുംബത്തെ ലഭിച്ചതില്‍ ദൈവത്തിന് നന്ദി’ എന്നെല്ലാമാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ അഖീലിന്റെ മുഖം വ്യക്തമായി കാണാന്‍ കഴിയിയുന്നില്ല.
അഖീലിന്റെ മരണത്തില്‍ തുടക്കത്തില്‍ അസ്വാഭാവികതയൊന്നും സംശയിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സൃഷ്ടി ഗുപ്ത പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് കാണിച്ച് ഒരു പരാതി ലഭിച്ചു. അഖീല്‍ അക്തറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, ചില വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവയും ചില സംശയങ്ങള്‍ ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്,’ അവര്‍ പറഞ്ഞു. ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
