ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനെക്കുറിച്ചുള്ള ഗവേഷണപ്രബന്ധങ്ങളുടെ സമാഹരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ നായര്‍ സര്‍വ്വീസ് സൊസൈറ്റി പുറത്തിറക്കി.
എന്‍എസ്എസ് കോളജുകളിലേതുള്‍ പ്പെടെയുള്ള അധ്യാപകരുടെ ഗവേഷണ പ്രബന്ധങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ”ശ്രീ മന്നത്ത് പത്മനാഭന്‍, ലിവിങ് ബിയോണ്ട് ദി ഏജസ്” എന്ന പുസ്തകം.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരുടെ ലേഖനമാണ് പുസ്തകത്തില്‍ ആദ്യത്തേത്. സാഹിത്യകാരന്‍ സി.രാധാകൃഷ്ണനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദുകോളജ് പ്രിന്‍സിപ്പലും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ മകളുമായ ഡോ.എസ്.സുജാതയാണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍.
സാമൂഹിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി മന്നത്ത് പത്മനാഭന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് അധ്യാപകര്‍ നടത്തിയ ഗവേഷണപ്രബന്ധങ്ങളുടെ സമാഹാരമാണിത്.
സമുദായാചാര്യന്റെ മത, സാമൂഹിക,സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ ഇടപെടലുകളാണ് ഗവേഷണ ലേഖനങ്ങളിലൂടെ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. വിവിധ അധ്യാപകരുടെ 21 ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ മന്നത്ത് പത്മനാഭന്‍ മുതുകുളത്ത് നടത്തിയ പ്രസംഗം, 1956-ലെ നായര്‍ സമ്മേളനത്തിലെ മന്നത്ത് പത്മനാഭന്റെ പ്രസംഗം എന്നിവ പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഡോ.എസ്.സുജാതയാണ്.