വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; മൂന്നു വയസുകാരിയും മുത്തശ്ശിയും മരിച്ചു

പറമ്പിക്കുളം: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്നു വയസുള്ള കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. വാട്ടര്‍ഫാള്‍ എസ്റ്റേറ്റില്‍ കാടര്‍പ്പാറയ്ക്ക് സമീപമാണ് സംഭവം. ഹേമശ്രീ(3), അസല (52) എന്നിവരാണ് മരിച്ചത്. കാട്ടാന വീട്ടിലേക്ക് കടന്നുകയറിയാണ് ആക്രമണം നടത്തിയത്. സ്ഥിരമായി വന്യമൃഗ ആക്രമണങ്ങള്‍ ഉണ്ടാകുന്ന സ്ഥലമാണ് വാല്‍പ്പാറ.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് കാട്ടാന ആക്രമണമുണ്ടായത്. വീടിന്റെ മുന്‍വാതില്‍ പൊളിച്ച് കാട്ടാന അകത്തുകയറുകയായിരുന്നു. ഈ സമയത്ത് ഹേമശ്രീയെയുമെടുത്ത് പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു മുത്തശ്ശിയായ അസല. എന്നാല്‍, ഇവരെ കാട്ടാന ആക്രമിക്കുകയും കുഞ്ഞും അസലയും നിലത്തുവീഴുകയും ചെയ്തു. ഇരുവരെയും കാട്ടാന ചവിട്ടി പരിക്കേല്‍പ്പിച്ചു.

ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കുഞ്ഞ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അസല ആശുപത്രിയിലേക്ക് പോകുന്ന സമയത്താണ് മരിച്ചത്.

രണ്ടു കുട്ടികളും മൂന്ന് മുതിര്‍ന്നവരുമടക്കം അഞ്ചു പേരാണ് വീട്ടിലുണ്ടായിരുന്നത്. ഈ വീട് ഒറ്റപ്പെട്ട സ്ഥലത്താണ് ഉള്ളത്. അതുകൊണ്ടുതന്നെ വിവരം പുറത്തറിയാന്‍ കാലതാമസമുണ്ടായി. പിന്നീട് രാവിലെ ആറുമണിയോടെ വനംവകുപ്പ് സംഘമെത്തി വീട്ടിലുള്ളവരെ സ്ഥലത്തുനിന്ന് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!