തിരുവല്ല : മധ്യതിരുവിതാംകൂറിൻ്റെ അഭിമാനമായ വിശ്വവിഖ്യാത ചലച്ചിത്ര സംവിധായകൻ . കെ. ജി ജോർജിൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് എം.ജി സോമൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ “സ്വപ്നാടനം ” എന്ന പേരിൽ കെ.ജി ജോർജ് ഫിലിം ഫെസ്റ്റിവലും പഠനവും സെപ്റ്റംബർ 20, 21 തീയതികളിൽ തിരുവല്ല ബിലിവേഴ്‌സ് മെഡിക്കൽ കോളേജ് ആംഫി തീയേറ്ററിൽ നടക്കും.
40 വർഷത്തിന് ശേഷമാണ് തിരുവല്ലയിൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ആറ് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഈ ചിത്രങ്ങളുമായി സഹകരിച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും നിരൂപകരും പങ്കെടുക്കും.

20 ന് രാവിലെ 9 ന് കോലങ്ങൾ പ്രദർശിപ്പിക്കും. 11 ന് എം.ജി.സോമൻഫൗണ്ടേഷൻ ചെയർമാൻ ബ്ലെസ്സിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും.
തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ മേനക സുരേഷും , ചലച്ചിത്ര നിരൂപകൻ വിജയകൃഷ്‌ണനും പഠന ക്ലാസ്സുകൾ എടുക്കും . കെ.ജി. ജോർജിന്റെ ചലച്ചിത്ര പ്രബന്ധം ഡോ. സൈബാസ്റ്റ്യൻ കാട്ടടി അവതരിപ്പിക്കും. 1.45 ന് ഇരകൾ, സിനിമ. 4.15 ന് സിനിമട്ടോഗ്രാഫർ വേണു ഓപ്പൺ ഫോറത്തിൽ പങ്കെടുക്കും. 5,30 ന് ചലച്ചിത്രം ആദാമിൻ്റെ വാരിയെല്ല്.
21 ന് രാവിലെ 9 ന് ചലച്ചിത്രം സ്വപ്നാടനം പ്രദർശിപ്പിക്കും. 11 ന് ഫെസ്റ്റിവലിൻ്റെ സമാപന സമ്മേളനത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാവും, ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി .കെ.ബി.ഗണേഷ് കുമാർ കെ.ജി.ജോർജ് ഫിലിം സ്റ്റഡിസെൻ്റർ ഉദ്ഘാടനം ചെയ്യും. ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ മാനേജർ ഫാദർ സിജോ പന്തംപള്ളി ആശംസകൾ അറിയിക്കും.
തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ മല്ലിക സുകുമാരനും സ്വപ്നാടനം സിനിമയിലെ നായകൻ മോഹൻദാസും സംസാരിക്കും. 1.45 ന് ചലച്ചിത്രം യവനിക, 4.15 ന് തുടർന്ന് ഓപ്പൺ ഫോറം. 5.30 ന് മറ്റൊരാൾ പ്രദർശിപ്പിക്കും. കെ. ജി. ജോർജിൻ്റെ ജീവിതവും സിനിമയും സമഗ്രമായി പഠിച്ച് എം. ജി സോമൻ ഫൗണ്ടേഷൻ ഇതിനോടൊപ്പം ഒരു റഫറൻസ് ഗ്രന്ഥവും തയ്യാറാക്കും. സിനിമ ആസ്വാദനത്തിന് ചലച്ചിത്രോത്സവത്തിന്റെ താല്പര്യമുള്ളവരെ ഉൾപ്പെടുത്തി കെ.ജി.ജോർജ്സ് ഫിലിം സ്റ്റഡീസും തുടർച്ചയായി നടത്തും. പത്രസമ്മേളനത്തിൽ എം.ജി. സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലെസി, സെക്രട്ടറി എസ്.കൈലാസ്, മോഹൻ അയിരൂർ, കൺവീനർമാരായ സാജൻ വർഗീസ്, സുരേഷ് കാവുംഭാഗം, സാജൻ കെ.വർഗീസ്, ജോർജ് മാത്യു, പി. എം.അനീർ എന്നിവർ പങ്കെടുത്തു.
