സമൃദ്ധി, സന്തോഷം; മലയാളിക്കിന്ന് പൊന്നിന്‍ തിരുവോണം…

തിരുവനന്തപുരം : ഒന്‍പത് ദിവസം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് പരിസമാപ്തി കുറിച്ച് മലയാളി ഇന്ന് തിരുവോണം ആഘോഷിക്കും. നന്മനിറഞ്ഞ നല്ലനാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേല്‍ക്കും. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങള്‍. മാവേലി തമ്പുരാന്റെ വരവ് കാത്ത് മുക്കുറ്റിയും കാശിത്തുമ്പയും കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയുന്ന പൊന്നോണം.കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. എങ്കിലും മാറ്റൊട്ടും കുറയാത മലയാളികള്‍ എന്നും ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിക്കഴിഞ്ഞാല്‍ പിന്നെ ഓണസദ്യയാണ്.

ഉത്രാടപ്പകലില്‍ ഇടവിട്ട് പെയ്ത മഴയിലും വിപണിയിലെ ആവേശം തണുത്തില്ല. വസ്ത്രശാലകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും രാവിലെ മുതല്‍ തന്നെ തിരക്കാരംഭിച്ചിരുന്നു. പച്ചക്കറി, പഴം മാര്‍ക്കറ്റുകളും തിരക്കിലായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!