യുവതീപ്രവേശനം കഴിഞ്ഞുപോയ അധ്യായം, വിശ്വാസത്തിനെതിരായ നിലപാട് ഒരുകാലത്തും എടുത്തിട്ടില്ല: ഗോവിന്ദൻ

തൃശ്ശൂര്‍: ശബരിമലയിലെ യുവതീപ്രവേശനം കഴിഞ്ഞ് പോയ അധ്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒരു വിശ്വാസത്തിനും എതിരായ നിലപാട് സിപിഎം ഇന്നലെയും ഇന്നും എടുത്തിട്ടില്ല, നാളെയും എടുക്കില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്. വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികളെ കൂട്ടിപ്പിടിച്ചുവേണം വര്‍ഗീയവാദികളെ പ്രതിരോധിക്കാനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ മേഖലകളിലുള്ള ആവശ്യംകൂടി കണക്കിലെടുത്താണ് ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത്. അതിന് രാജ്യത്തിന്റെ അംഗീകാരവും കിട്ടിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

വര്‍ഗീയവാദികള്‍ വിശ്വാസികളല്ലെന്നും അവര്‍ വിശ്വാസത്തെ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ‘രാഷട്രീയ ഉദ്ദേശത്തോട് കൂടി മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരുടെ പേരാണ് വര്‍ഗീയവാദികള്‍. വര്‍ഗീയവാദികള്‍ വിശ്വാസികളല്ല. വിശ്വാസത്തെ ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ്. വിശ്വാസികള്‍ക്കൊപ്പമാണ് സിപിഎം. വിശ്വാസത്തിനെതിരായ നിലപാട് ഇന്നും ഇന്നലെയും നാളെയും സിപിഎം എടുക്കില്ല’ എം.വി.ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!