യുവതിയ്‌ക്കൊപ്പം നിര്‍ത്തി നഗ്നനാക്കി ഫോട്ടോയെടുത്തു, പണം ലഭിയ്ക്കാതെ വന്നതോടെ ഭാര്യക്ക് അയച്ചുകൊടുത്തു, നിലമ്പൂരിലെ യുവാവിന്റെ മരണം ഹണിട്രാപ്‌

മലപ്പുറം : നിലമ്പൂര്‍ പള്ളിക്കുളം സ്വദേശി രതീഷ് ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസിയായ യുവതി ഉള്‍പ്പെടെ നാലംഗ സംഘത്തിന് എതിരെ ആരോപണവുമായി കുടുംബം. രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്തതിലുള്ള മാനസിക വിഷമത്തിലാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് രതീഷിന്റെ അമ്മ തങ്കമണിയും സഹോദരന്‍ രാജേഷും ആരോപിക്കുന്നത്. ജൂണ്‍ 11-നാണ് രതീഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കടം വാങ്ങിയ പണം തിരികെ നല്‍കാനെന്ന വ്യാജേന അയല്‍വാസിയായ യുവതി രതീഷിനെ വീട്ടിലേക്ക് തന്ത്രപൂര്‍വം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. യുവതിയും മറ്റ് മൂന്നുപേരും ചേര്‍ന്ന് രതീഷിനെ നഗ്‌നനാക്കി, വിവസ്ത്രനായി നില്‍ക്കുന്ന നിലയില്‍ യുവതിയോടൊപ്പം നിറുത്തി ഫോട്ടോയെടുത്തു. ഈ ഫോട്ടോ പുറത്തുവിടാതെയിരിക്കാന്‍ സംഘം രതീഷിനോട് 2 ലക്ഷം രൂപ ആവശ്യപ്പെട്ടു.

പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ സംഘം ഈ ചിത്രങ്ങള്‍ രതീഷിന്റെ സ്‌കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും അയച്ചുകൊടുത്തു. ഇതിലുണ്ടായ അപമാനമാണ് രതീഷിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അമ്മ തങ്കമണി പറഞ്ഞു. വിഷയത്തില്‍ രതീഷിന്റെ അമ്മയും ഭാര്യയും എടക്കര പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!