ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍, 8.11 കിലോമീറ്റര്‍ ദൈര്‍ഘ്യം; വയനാട് തുരങ്ക പാത നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കോഴിക്കോട് : സംസ്ഥാനത്തിന്റെ സ്വപ്നമായ വയനാട് തുരങ്കപാതയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ആനക്കാംപൊയില്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ മൈതാനത്ത് നടന്ന ആനക്കാംപൊയിലില്‍- കള്ളാടി- മേപ്പാടി ഇരട്ട തുരങ്ക പാതയുടെ കല്ലിടല്‍ ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ഒ ആര്‍ കേളു, എ കെ ശശീന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.

വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിയൊരുക്കുന്ന തുരങ്കപാത 60 മാസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടൂറിസം, കാര്‍ഷിക, വ്യാപാര മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിനും ഇത് വഴിയൊരുക്കും. താമരശേരി ചുരത്തിലെ ഹെയര്‍പിന്‍ വളവുകളില്‍ കയറാതെ വയനാട്ടിലേക്കുള്ള വേഗ മാര്‍ഗമാകും. കിഫ്ബി വഴി 2,134 കോടി രൂപ ചെലവില്‍ നാലുവരിയായാണ് നിര്‍മാണം. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് (കെആര്‍സിഎല്‍) ആണ് നിര്‍വഹണ ഏജന്‍സി. തുരങ്ക മുഖത്തേക്കുള്ള പ്രധാനപാതയുടെ പ്രവൃത്തി ആരംഭിച്ചു. പാരിസ്ഥിതികാനു മതിയടക്കം സ്വന്തമാക്കിയാണ് ടെന്‍ഡറിലേക്ക് കടന്നത്.

ഇരട്ട തുരങ്കങ്ങളായാണ് നിര്‍മാണം. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈര്‍ഘ്യം. ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലു ണ്ടാകും. അമിത ഉയരമുള്ള വാഹനങ്ങള്‍ കണ്ടെത്തി സിഗ്നല്‍ നല്‍കും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍ ഉണ്ടാകും. ഇരുവഴിഞ്ഞിപ്പുഴയില്‍ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കും പുറമേ അടിപ്പാതയും സര്‍വീസ് റോഡുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!