തൃശൂർ : തൻ്റെ എംപി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദൽഹി ഹൈക്കോടതിയിൽ വന്ന ഹർജി അഭിഭാഷകന്റെ തമാശ ആയി തോന്നുന്നില്ലെന്ന് സി സദാനന്ദൻ എംപി. ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ട്. ഭരണഘടന പദവികൾ വ്യവഹാരത്തിൽ എത്തിക്കുന്നത് ശരിയല്ല. ഭരണഘടനയോടുള്ള വെല്ലുവിളി ആണിതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ബിജെപി ഓഫീസിൽ നൽകിയ സ്വീകരണത്തിലാണ് സി സദാനന്ദൻ എംപിയുടെ പ്രതികരണം
നാമനിർദേശം ചെയ്ത സമയത്തു തന്നെ പാർട്ടി പത്രങ്ങളിൽ മുഖപ്രസംഗം വന്നുവെന്നും അന്നു തന്നെ ഇത്തരമൊരു നീക്കത്തെ കുറിച്ച് സൂചന ഉണ്ടായിരുന്നു വെന്നും സദാനന്ദൻ എംപി പറഞ്ഞു. ബിജെപിയുടെ രാജ്യസഭാംഗമായി നോമിനേഷൻ ചെയ്യപ്പെട്ട ആർഎസ്എസ് നേതാവും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റുമായ സി സദാനന്ദന്റെ നോമിനേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ദൽഹി ഹൈക്കോടതിയിലാണ് ഹർജി നൽകിയത്.
സാമൂഹിക സേവനം എന്ന നിലയിൽ സി സദാനന്ദനെ നോമിനേറ്റ് ചെയ്യാനാകില്ലെ ന്നാണ് പ്രധാനവാദം. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹർജിക്കാരൻ. കല, സാഹിത്യം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ നിന്ന് രാജ്യത്തിന് സംഭാവന നൽകിയ 12 പേരെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. എന്നാൽ ഏത് മേഖലയിലാണ് സദാനന്ദൻ രാജ്യത്തിന് സംഭാവന അർപ്പിച്ചത് എന്നതിനെ കുറിച്ച് രാജ്യത്തിന് അറിയില്ലെന്നും ബിജെപി നേതാവിന് നൽകിയ നോമിനേഷൻ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകൻ വീനിത് എസ് വർക്കലവിളയാണ് സുഭാഷിനായി ഹർജി സമർപ്പിച്ചത്.
