ആലപ്പുഴ: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 2022 ജൂലൈ 1-ന് ലഭിക്കേണ്ട ഡി എ 3% 2025 ആഗസ്റ്റ് മാസത്തിൽ അനുവദിച്ചത് ഓണസമ്മാനമാണെന്ന് കൊട്ടിഘോഷിക്കുന്നത് അപഹാസ്യമാണെന്ന് ഫെറ്റോ.
അർഹരായ ജീവനക്കാർക്ക് നാലായിരം രൂപാ ബോണസും മറ്റുള്ളവർക്ക് 3000 രൂപാ ഉത്സവബത്തയും ആണ് അനുവദിച്ചിരിക്കുന്നത്. ഇത് മുൻ കാലങ്ങളിൽ ലഭിച്ചു കൊണ്ടിരിക്കുന്നതാണ്. 250 രൂപാ ഉത്സവബത്ത വർദ്ധിപ്പിച്ചു എന്നത് ജീവനക്കാരന് 2022 ജൂലൈ 1 മുതൽ ലഭിക്കേണ്ട 3% ഡി എ അരിയർ നൽകാതെ 250 രൂപാ വർദ്ധിപ്പിച്ച് ഉത്സവ ബത്ത നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് എൻ.ജി.ഓ സംഘ് സംസ്ഥാന പ്രസിഡൻ്റ് ജെ. മഹാദേവൻ പറഞ്ഞു.
ഫെറ്റോ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ആലപ്പുഴയിൽ ഉത്ഘാടനം ചെയ്ത് സംസ്സാരിക്കുകയായിരുന്നു അദ്ദേഹം. ഫെറ്റോ ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് ആദർശ് സി.റ്റി. അദ്ധ്യക്ഷത വഹിച്ചു.
37 മാസത്തെ ഡി എ അരിയർ ആയി ലഭിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിൽ അരിയർ എന്ന് നൽകുമെന്ന് പോലും ഇല്ല. 20,000 രൂപാ ബേസിക് പേ ഉള്ള ഒരു ജീവനക്കാരന് ശരാശരി ഒരു മാസം 600 രൂപാ പ്രകാരം 37 മാസത്തെ കുടിശിക ആയി 22, 200 രൂപാ ലഭിക്കേണ്ടതാണ്. കുടിശിക നൽകാതെ ഓണത്തിന് 3% ഡി എ നൽകി ജീവനക്കാരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. ഓണത്തിൻ്റെ ഉത്സവബത്ത 3000 രൂപാ സർക്കാർ തിരികെ എടുത്ത് ജീവനക്കാർക്ക് ലഭിക്കേണ്ട ഡി എ അരിയർ നൽകിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.
എൻ.ജി.ഓ സംഘ് ജില്ലാ പ്രസിഡൻ്റ് അജിത്ത് കുമാർ മുഖ്യ പ്രഭാഷണം നടത്തി, പെൻഷനേഴ്സ് സംഘ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. ആർ. വേണു, ജില്ലാ സെക്രട്ടറി റ്റി.കെ ഷാജി, കെ.ആർ രജീഷ്, റ്റി എസ് സുനിൽകുമാർ , ദീപു എന്നിവർ സംസ്സാരിച്ചു.
