‘നിങ്ങള്‍ എംഎല്‍എയാണെന്ന് നോക്കില്ല’.. ഉമാ തോമസിനെതിരെ രാഹുൽ അനുകൂലികൾ… സൈബര്‍ ആക്രമണം…

കൊച്ചി : യുവതികളുടെ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഉമാ തോമസ് എംഎൽഎക്കെതിരെ സൈബർ ആക്രമണം. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീർത്തിപ്പെടുത്തിയും കമന്റുകൾ എത്തുന്നത്. ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നത്.

‘ഭർത്താവ് പി ടി തോമസിന്റെ മരണത്തെ തുടർന്ന് എംഎൽഎ ആയ ആളാണ് താങ്കള്‍, രാഷ്ട്രീയത്തിൽ താങ്കൾക്ക് വിവരമില്ലെ’ന്നുമുള്ള പ്രതികരണങ്ങളാണ് ഉമാ തോമസിനെതിരെ ചില ഫേസ്ബുക്ക് ഹാൻഡിലുകൾ നിന്ന് പങ്കുവെച്ചത്. ‘രാഹുലിനെ പുറത്താക്കാൻ പറഞ്ഞാൽ ഉടനെ പുറത്താക്കാൻ പാർട്ടി നിങ്ങളുടെ തറവാട്ടു സ്വത്തല്ല. സ്വന്തം പേരിനായാണ് രാഹുലിനെതിരെ ഉമാ തോമസ് സംസാരിക്കുന്നതെന്നും അതാണ് പാർട്ടിയുടെ ശാപമെന്നു’മാണ് മറ്റൊരു പ്രതികരണം. രാഹുലിനെതിരെ പറഞ്ഞാല്‍ എംഎല്‍എയാണെന്ന് നോക്കില്ലെന്നാണ് വേറൊരു കമന്‍റ്. നന്ദി കാണിച്ചില്ലെങ്കിലും ‘പിന്നിൽ നിന്ന് കുത്തരുത്, അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നോണം’ എന്നടക്കമുള്ള കമന്റുകളും ഉയരുന്നുണ്ട്.

ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ഉമാ തോമസ് എംഎല്‍എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് അര്‍ഹതയില്ല. ഇന്നലെ പത്രസമ്മേളനം വിളിച്ചപ്പോള്‍ രാജി പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വാര്‍ത്താസമ്മേളനം റദ്ദാക്കുകയായിരുന്നു. തെറ്റുചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെങ്കില്‍ രാഹുലിന് മാനനഷ്ടക്കേസ് നല്‍കാമായിരുന്നു. പ്രതികരിക്കാത്തതി നാല്‍ ആരോപണങ്ങള്‍ സത്യമാണെന്ന് വേണം കരുതാന്‍. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!