ഓപ്പറേഷൻ റൈഡര്‍ പരിശോധനയുടെ ഭാഗമായി കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ

കൊല്ലം : ഓപ്പറേഷൻ റൈഡര്‍ പരിശോധനയുടെ ഭാഗമായി കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ.

കൊല്ലം നഗരത്തിൽ സ്വകാര്യ, കെഎസ്ആർടിസി, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിന്‍റെ മിന്നൽ പരിശോധന.

രാവിലെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സ്കൂള്‍ ബസുകളിലും പൊലീസ് പരിശോധന നടത്തി.
ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചായിരുന്നു പരിശോധന.

ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസുകളും അഞ്ച് സ്കൂൾ ബസുകളും കോൺട്രാക്ട് വ്യവസ്ഥയിൽ തൊഴിലാളികളെ കൊണ്ട് പോകുകയായിരുന്ന ഒരു ടെമ്പോ ട്രാവലറുമാണ് പിടിച്ചെടുത്തത്.

ഈ ബസുകളിലെ ഡ്രൈവര്‍മാരെയാണ് പിടികൂടിയത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണിന്‍റെ നിർദേശാനുസരണമായിരുന്നു പരിശോധന.

ഇന്ന് രാവിലെ 6.30 മുതൽ 8.30 വരെയുള്ള രണ്ട് മണിക്കൂർ പരിശോധനയിലാണ് ഇത്രയും വാഹങ്ങൾ പിടിയിലായത്.

കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും നഗരത്തിലെ സ്കൂളുകളിലേക്ക് കുട്ടികളെ കൊണ്ടുപോയ മൂന്നു ബസുകളും കോളേജുകളിലെക്ക് കുട്ടികളെ കൊണ്ടുപോയ രണ്ടു ബസുകളും വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുകയായിരുന്ന 10 ബസുകളുമാണ് പിടിച്ചെടുത്തത്.

കൊല്ലം ചിന്നക്കട, താലുക്ക് ജംഗ്ഷൻ, അയത്തിൽ, കല്ലുന്താഴം എന്നീ നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

കൊല്ലം എസിപി എസ്.ഷെരീഫിന്‍റെ നേതൃത്വത്തിൽ കൊല്ലം വെസ്റ് സിഐ ഫയാസ്, ഈസ്റ് എസ്ഐ വിപിൻ, കിളികൊള്ളൂർ എസ്. ഐ ശ്രീജിത്ത്, ഇരവിപുരം എസ്.ഐ ജയേഷ് , ജൂനിയർ എസ്.ഐ. സബിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനയുടെ വിവരം ഡ്രൈവർമാർ വാട്സാപ്പ് ഗ്രൂപ്പ് വഴി കൈമാറിയതിനാൽ ചില ബസുകൾ വഴിയിൽ സർവീസ് നിർത്തിവെച്ചതായും പരാതി ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!