ഓഫര്‍ തട്ടിപ്പ്: അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു, അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടും

കൊച്ചി: ഓഫര്‍ തട്ടിപ്പില്‍ അന്വേഷണം പുരോഗമിക്കെ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ഇടുക്കിയില്‍ വാങ്ങിക്കൂട്ടിയ കോടികളുടെ ഭൂസ്വത്തുക്കള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ അനന്തു കൃഷ്ണനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അന്വേഷണസംഘത്തിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂവാറ്റുപുഴ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.

പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആവശ്യം. അതിനിടെ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തട്ടിപ്പിന്റെ ഭാഗമായി അനന്തു കൃഷ്ണന്‍ രൂപീകരിച്ച ട്രസ്റ്റിലെ അംഗമാണ് ആനന്ദകുമാര്‍

സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്താണ് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. സംസ്ഥാനത്താകെ  ഇതുവരെ 40 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.വിവിധ ജില്ലകളില്‍നിന്നു കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന വിഭാഗത്തെ കേസുകള്‍ ഏല്‍പ്പിക്കാനുള്ള തീരുമാനം വരുന്നത്. പരിപാടിയുമായി സഹകരിച്ച കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിനെതിരെ ഉള്‍പ്പെടെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!