ലണ്ടന്‍: 100 പന്തുകളുടെ ക്രിക്കറ്റ് പോരാട്ടത്തില്‍ സ്‌ഫോടനാത്മക ബാറ്റിങിന്റെ കെട്ടഴിച്ച് ജോര്‍ദാന്‍ കോക്‌സ്. ഇംഗ്ലണ്ടിലെ പുരുഷന്‍മാരുടെ ദി ഹണ്ട്രഡ് പോരാട്ടത്തിലാണ് ഓവല്‍ ഇന്‍വിന്‍സിബ്ള്‍സിനായി താരത്തിന്റെ വെടിക്കെട്ട്. വെറും 29 പന്തില്‍ പുറത്താകാതെ നിന്നു താരം അടിച്ചെടുത്തത് 86 റണ്‍സ്! പറത്തിയത് 10 സിക്‌സും 3 ഫോറും.
വെല്‍ഷ് ഫയറിനെതിരായ പോരാട്ടത്തില്‍ കോക്‌സിന്റെ ബാറ്റിങ് മികവില്‍ ഓവല്‍ അടിച്ചെടുത്തത് 4 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ്. വെല്‍ഷിന്റെ പോരാട്ടം 93 പന്തില്‍ 143 റണ്‍സില്‍ അവസാനിച്ചു. ഓവല്‍ 83 റണ്‍സിന്റെ ത്രില്ലര്‍ വിജയം പിടിച്ചെടുത്തു. ദി ഹണ്ട്രഡ് പോരാട്ടത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന റെക്കോര്‍ഡും ഓവല്‍ ഇന്‍വിന്‍സിബ്ള്‍സ് സ്വന്തമാക്കി.
10 സിക്‌സുകള്‍ തൂക്കി ഹണ്ട്രഡ് പോരാട്ടത്തില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിക്കുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പം കോക്‌സ് എത്തി. ലിയാം ലിവിങ്‌സ്റ്റന്റെ റെക്കോര്‍ഡിനൊപ്പമാണ് ജോര്‍ദാന്‍ കോക്‌സും തന്റെ പേരെഴുതി ചേര്‍ത്തത്.
അജീത് സിങ് ഡെയ്ല്‍ എറിഞ്ഞ 11ാം ഓവറില്‍ കോക്‌സ് നാല് സിക്‌സുകള്‍ സഹിതം വാരിയത് 26 റണ്‍സ്. കോക്‌സിനു കൂട്ടായി ട്വന്‍ഡ മുയെ 15 പന്തില്‍ നാല് ഫോറും 2 സിക്‌സും സഹിതം 34 റണ്‍സെടുത്തു. സാം കറന്‍ 3 ഫോറും 2 സിക്‌സും സഹിതം 19 പന്തില്‍ 34 റണ്‍സ് വാരി. ഡോണോവന്‍ ഫെരെയ്‌ര 6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സും കണ്ടെത്തി. നേരത്തെ ഓപ്പണല്‍ വില്‍ ജാക്‌സ് 28 പന്തില്‍ 38 റണ്‍സെടുത്തു. താരം ആറ് ഫോറും ഒരു സിക്‌സും പറത്തി.
ഓവല്‍ താരങ്ങളെല്ലാം ചേര്‍ന്ന് 17 സിക്‌സുകള്‍ തൂക്കി. ഇത്രയും സിക്‌സുകള്‍ ഒരു ഹണ്ട്രഡ് പോരാട്ടത്തില്‍ ആദ്യമാണ്. ഈ റെക്കോര്‍ഡും ഓവല്‍ ടീമിനു സ്വന്തമായി.
ജയം തേടിയിറങ്ങിയ വെല്‍ഷിനായി ക്യാപ്റ്റന്‍ ജോണി ബെയര്‍ സ്‌റ്റോ അര്‍ധ സെഞ്ച്വറി (50) നേടി. ടോം കാഡ്‌മോര്‍ 16 പന്തില്‍ 31 റണ്‍സെടുത്തു. ലൂക് വെല്‍സാണ് തിളങ്ങിയ മറ്റൊരാള്‍. താരം 18 പന്തില്‍ 29 റണ്‍സെടുത്തു. മറ്റാരും തിളങ്ങിയില്ല.
ഓവല്‍ ടീമിനായി ടോം കറന്‍ 4 വിക്കറ്റെടുത്തു. ജാസന്‍ ബെഹ്‌റെന്‍ഡോഫ് 3 വിക്കറ്റും സ്വന്തമാക്കി.
